ഓണ്‍ലൈന്‍ റിസര്‍വേഷന്‍: കെൽട്രോണുമായുള്ള കരാർ കെ.എസ്.ആർ.ടി.സി റദ്ദാക്കി

ടിക്കറ്റൊന്നിന് 3.25 രൂപ നിരക്കിൽ പുതിയ കരാർ തിരുവനന്തപുരം: ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വേഷനുമായി ബന്ധപ്പെട്ട് കെൽട്രോണുമായുണ്ടായിരുന്ന കരാർ കെ.എസ്.ആർ.ടി.സി റദ്ദാക്കി. പകരം ബംഗളൂരു കമ്പനിയുമായി കെ.എസ്.ആര്‍.ടി.സി കുറഞ്ഞ നിരക്കില്‍ കരാര്‍ ഒപ്പിട്ടു. ഇതോടെ ടിക്കറ്റൊന്നിന് 3.25 രൂപയായി ചെലവ് കുറഞ്ഞു. നിലവിലുണ്ടായിരുന്ന കരാർ അനുസരിച്ച് ടിക്കറ്റൊന്നിന് 15.50 രൂപയാണ് കെ.എസ്.ആര്‍.ടി.സി നൽകിവന്നിരുന്നത്. രാജമാണിക്യം കെ.എസ്.ആര്‍.ടി.സി സി.എം.ഡിയായിരുന്ന കാലത്ത് ഒരു ടിക്കറ്റിന് എട്ടുരൂപയേ നൽകാനാകൂ എന്ന നിലപാട് എടുത്തു. കെല്‍ട്രോണ്‍ ഇതിനെ എതിര്‍ത്തിരുന്നില്ല. കരാറില്‍ 15.50 രൂപ പറയുന്നെങ്കിലും ഒന്നരവര്‍ഷമായി എട്ടുരൂപയാണ് നല്‍കുന്നത്. ഇടപാടിലെ നഷ്ടം ശ്രദ്ധയില്‍പെട്ടതിനെതുടര്‍ന്ന് എം.ഡി ടോമിന്‍ തച്ചങ്കരി കെല്‍ട്രോണുമായുള്ള കരാര്‍ റദ്ദാക്കുകയായിരുന്നു. ആൻറണി ചാക്കോ എം.ഡിയായിരുന്നപ്പോള്‍ അഞ്ചുവര്‍ഷം മുമ്പാണ് കെല്‍ട്രോണുമായി കരാര്‍ ഒപ്പിട്ടത്. കെല്‍ട്രോണ്‍ മറ്റൊരു ഏജൻസിയെയും അവര്‍ അത് ബംഗളൂരൂ ആസ്ഥാനമായ മറ്റൊരു കമ്പനിയെയും ഏൽപിച്ചു. ഈ ഇടപാടിലൂടെ കോടികളുടെ നഷ്ടമാണ് കെ.എസ്.ആര്‍.ടി.സിക്ക് ഉണ്ടായത്. രാജ്യത്തെ ഒട്ടുമിക്ക പൊതുമേഖലാ സ്വകാര്യ റോഡ് ട്രാന്‍സ്‌പോര്‍ട്ട് സ്ഥാപനങ്ങള്‍ക്കും ഓണ്‍ലൈന്‍ സൗകര്യം ഒരുക്കുന്നത് ബംഗളൂരു ആസ്ഥാനമായ കമ്പനിയാണ്. കെ.എസ്.ആര്‍.ടി.സിയില്‍നിന്ന് കെല്‍ട്രോണ്‍ അധികമായി ഈടാക്കിയ 4.08 കോടി രൂപ തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് ടോമിന്‍ തച്ചങ്കരി കത്ത് നല്‍കിയിട്ടുണ്ട്. ദേശീയ നിരക്ക് പ്രകാരം പരമാവധി 5.50 രൂപയാണ് ഈടാക്കേണ്ടിയിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.