നെടുങ്ങോലം താലൂക്കാശുപത്രി: നഗരസഭക്ക് പുറത്തുള്ള രോഗികൾക്ക് ജീവൻ രക്ഷാ മരുന്നുകൾ നൽകുന്നില്ല

പരവൂർ: നെടുങ്ങോലം താലൂക്കാശുപത്രിയിൽ നഗരസഭക്ക് പുറത്തുനിന്നെത്തുന്ന രോഗികൾക്ക് ജീവൻരക്ഷാ മരുന്നുകൾ നൽകുന്നില്ലെന്ന് പരാതി. ജീവിതശൈലീ രോഗങ്ങൾക്ക് നൽകുവാൻ നഗരസഭയുടെ പദ്ധതിവിഹിതത്തിൽ നിന്നുള്ള തുക വിനിയോഗിച്ച് വാങ്ങിയ മരുന്നുകൾ മറ്റുള്ളിടങ്ങളിൽനിന്ന് വരുന്നവർക്ക് നൽകാനാവില്ലെന്ന നിലപാടിലാണ് അധികൃതർ. ഈ വിവരം കാട്ടി ആശുപത്രിയിൽ അറിയിപ്പ് പതിച്ചിട്ടുണ്ട്. നഗരസഭാ പരിധിയിലുള്ളവരാണെന്ന് വ്യക്തമാക്കാൻ ഏതെങ്കിലും തിരിച്ചറിയൽ കാർഡ് ഹാജരാക്കണമെന്നും അറിയിപ്പിൽ പറയുന്നു. ഒരു വർഷം മുമ്പും ഇത്തരത്തിൽ തീരുമാനമെടുത്തിരുന്നെങ്കിലും പിന്നീട് പിൻവലിച്ചിരുന്നു. തുടർന്ന് എല്ലാവർക്കും മുടക്കംകൂടാതെ നൽകിയിരുന്നു. താലൂക്കാശുപത്രിയുടെ വടക്കുപടിഞ്ഞാറ് ഭാഗം ചിറക്കര പഞ്ചായത്തി​െൻറ അതിർത്തിപ്രദേശങ്ങളാണ്. ഇവർക്ക് ചിറക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പോകണമെങ്കിൽ പല ബസുകൾ കയറുകയോ മറ്റു സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുകയോ ചെയ്യണം. ഈ സാമ്പത്തികച്ചെലവ് വഹിക്കാൻ ശേഷിയില്ലാത്തവരാണ് ഭൂരിപക്ഷവും. ആഴ്ചയിലൊരിക്കൽ മരുന്നു നൽകുന്ന എൽ.സി.ഡി ക്ലിനിക്കിൽ രജിസ്റ്റർ ചെയ്ത് മരുന്നു വാങ്ങിയിരുന്നവരിൽ സമീപ പഞ്ചായത്തിലുള്ളവർക്ക് ഇപ്പോൾ നൽകുന്നില്ല. പൂതക്കുളം, ചിറക്കര, ചാത്തന്നൂർ പഞ്ചായത്തുകളിൽ നിന്നായി അഞ്ഞൂറോളം രോഗികൾക്കാണ് ഇത്തരത്തിൽ മരുന്ന് ലഭിക്കാതായിരിക്കുന്നത്. ഏഴു വർഷത്തോളമായി പ്രമേഹം, രകതസമ്മർദം എന്നിവക്ക് മരുന്ന് വാങ്ങിക്കൊണ്ടിരുന്നവരാണ് ഇവരെല്ലാം. താലൂക്കാശുപത്രിയെന്ന നിലയിൽ എല്ലാവർക്കും ചികിത്സ ലഭ്യമാക്കുന്നതിനുള്ള സംവിധാനമൊരുക്കണമെന്നാണ് ആവശ്യമുയരുന്നത്. ഇപ്പോഴത്തെ പ്രശ്നം പരിഹരിക്കാൻ സമീപ പഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്തും പരവൂർ നഗരസഭയും മുൻകൈയെടുത്ത് പ്രത്യേക പദ്ധതി തയാറാക്കണമെന്ന നിർദേശവും ഇതിനകം ഉയർന്നിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.