നമുക്ക് സൗഹൃദങ്ങള്‍ തിരിച്ചുപിടിക്കാം, തിളക്കിയെടുക്കാം

ബി. മുരളി ഒരു സന്ധ്യക്ക് വര്‍ഷങ്ങള്‍ക്കുശേഷം സ്കൂള്‍ സഹപാഠിയെ കണ്ടുമുട്ടി. ഇസ്ലാം വിശ്വാസിയായ അവന്‍ പഠനക്കാലത്തേ ആത്മീയവാദിയായിരുന്നു. ഞാന്‍ യുക്തിവാദിയും. ഞങ്ങളുടെ യുക്തിവാദപ്രവര്‍ത്തനങ്ങള്‍ക്ക് സൗഹൃദത്തി‍​െൻറ ബലംകൊണ്ട് അവന്‍ പിന്തുണനല്‍കിയിരുന്നു. നാട്ടിലെ പള്ളിയിലെ മതപണ്ഡിതനുമായി തര്‍ക്കശാസ്ത്രവിഷയങ്ങളില്‍ ഏര്‍പ്പെടാന്‍ അയാള്‍ സൗകര്യമൊരുക്കിത്തന്നിരുന്നു. തിരിഞ്ഞോര്‍ക്കുമ്പോള്‍, ജനാധിപത്യത്തി‍​െൻറ യഥാര്‍ഥപാഠം അവിടെനിന്ന് പഠിക്കേണ്ടതാണെന്ന് വീണ്ടും ഉറപ്പാകുന്നു. കൂടിച്ചേരലി‍​െൻറ ആഹ്ലാദത്തില്‍ അന്നുരാത്രി സൗഹൃദത്തി‍​െൻറ ഉത്സവമാക്കാന്‍ ഞങ്ങള്‍ തീരുമാനിക്കുന്നു. പക്ഷേ, അപ്പോഴാണ് പള്ളിപൊളിച്ചതി‍​െൻറ വാര്‍ഷികദിവസം പിറ്റേന്നാണെന്നും പ്രതിഷേധങ്ങളുടെയും എതിര്‍വാദങ്ങളുടെയും ചൂടില്‍ അടുത്തദിനം തിളച്ചേക്കുമെന്നും ഓര്‍ത്തത്. വാഹനങ്ങള്‍ നിശ്ചലമാകും. പിന്നെ, സുഹൃത്തുക്കള്‍ രണ്ടുപേരും കിട്ടിയ വണ്ടി പിടിച്ച് എതിര്‍ദിശകളിലേക്ക് പലായനം ചെയ്തു. പ്രത്യയശാസ്ത്രങ്ങള്‍ തകരുകയോ അല്ലെങ്കില്‍ അനഭിലഷണീയയായ പാതകളിലേക്ക് ബലം വെക്കുകയോ ചെയ്യുന്ന ഇരുട്ടിലേക്ക് നമ്മുടെ കാലം പതറുമ്പോള്‍, പലായനം ചെയ്യേണ്ടിവരുന്നത് സൗഹൃദങ്ങള്‍ക്കും ഫലേച്ഛയില്ലാത്ത സ്നേഹങ്ങള്‍ക്കുമാണ്. പുണ്യമാസത്തിലെ ആത്മനവീകരണത്തിന് വേണ്ടിയുള്ള ത്യാഗങ്ങളുടെ ഫലം ഇവയുടെ കണ്ടെത്തലും തിരിച്ചുപിടിക്കലുമാവണം. സൂഫി സന്യാസിയും കവിയുമായ ഫരീദുദ്ദീന്‍ അത്താര്‍ ത‍​െൻറ കോണ്‍ഫറന്‍സ് ഓഫ് ബേര്‍ഡ്സ് (പക്ഷികളുടെ പരിഷത്ത്) എന്ന ഗ്രന്ഥത്തില്‍ പറയുന്ന കഥകള്‍ സൗഹൃദത്തെയും സാഹോദര്യത്തെയും എങ്ങനെ ഉറപ്പിക്കണമെന്നാണ്. ശാരീരിക പ്രലോഭനങ്ങളില്‍ മയങ്ങി വിശ്വാസമുപേക്ഷിച്ച സുഹൃത്തിനെ വഴിയില്‍വിട്ട് ഹജ്ജിനെത്തിയ സംഘത്തോട് അവിടുത്ത ഗുരു പറയുന്നത്, നിങ്ങള്‍ ഇനി ഹജ്ജ് നിര്‍വഹിച്ചിട്ടെന്തുകാര്യം എന്നാണ്. ആത്മീയമോ ഭൗതികമോ ആയ ആപത്തില്‍പെടുന്ന സുഹൃത്തിനെ-സഹോദരനെ വഴിയില്‍ ഉപേക്ഷിക്കുക എന്നതാണ് ഏറ്റവുംവലിയ പാതകം എന്ന് മഹാനായ അത്താര്‍ പറയുന്നു. . മനസ്സിനെ വിമലീകരിക്കുന്ന പുണ്യമാസം അതിനുള്ള കരുത്താണല്ലോ നല്‍കുന്നത്. photo mail
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.