ഇരവിപുരം: ബൈപാസ് റോഡിൽ സ്വകാര്യ മെഡിക്കൽ കോളജിന് സമീപം കോർപറേഷൻ വക ടിപ്പർ ലോറിയിൽ മാലിന്യം കൊണ്ടുവന്ന് തള്ളിയത് വൻ പ്രതിഷേധത്തിന് കാരണമായി. റോഡരികിൽ തള്ളിയ മാലിന്യം നിരത്താനെത്തിയ എക്സ്കവേറ്ററും കോർപറേഷൻ ഹെൽത്ത് സ്ക്വാഡിെൻറ വാഹനവും പ്രദേശവാസികളും വഴിയാത്രക്കാരും ചേർന്ന് തടഞ്ഞു. മൂന്ന് മണിക്കൂർ നീണ്ട പ്രതിഷേധത്തിനൊടുവിൽ പൊലീസിെൻറ സാന്നിധ്യത്തിൽ റോഡിൽ കൊണ്ടിട്ട മാലിന്യം കോർപറേഷൻ നീക്കംചെയ്തു. പരിസ്ഥിതി വാരാചരണം നടക്കുമ്പോഴാണ് അധികൃതർ റോഡിൽ മാലിന്യം തള്ളിയത്. വെള്ളിയാഴ്ച ഉച്ചയോടെ പ്രദേശത്ത് ദുർഗന്ധം വ്യാപിച്ചതോടെ സമീപത്തെ ട്രാവൻകൂർ മെഡിക്കൽ കോളജ് മെഡിസിറ്റിയിലെ ജീവനക്കാരും രോഗികളും നടത്തിയ പരിശോധനയിലാണ് കോർപറേഷൻ ലോറിയിൽ റോഡിൽ മാലിന്യം തള്ളുന്നത് ശ്രദ്ധയിൽപെട്ടത്. നാട്ടുകാരും ആശുപത്രി അധികൃതരും എത്തുന്നതുകണ്ട് ലോറിയുമായി ജീവനക്കാർ സ്ഥലംവിട്ടു. മാലിന്യം നിരത്താനെത്തിയ കോർപറേഷെൻറ ഉടമസ്ഥതയിലുള്ള എക്സ്കവേറ്റർ അവിടെയുണ്ടായിരുന്നു. പ്രതിഷേധവുമായെത്തിയ നാട്ടുകാർ എക്സ്കവേറ്ററിെൻറ താക്കോൽ ഊരിവാങ്ങി പ്രവർത്തനം നിർത്തിവെപ്പിച്ചു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ കൺട്രോൾ റൂം പൊലീസിെൻറ നിർദേശത്തെ തുടർന്ന് കോർപറേഷെൻറ കൊല്ലം ഓഫിസിൽനിന്ന് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ആരോഗ്യവിഭാവവും സ്ഥലത്തെത്തിയെങ്കിലും പ്രതിഷേധക്കാർ ഇവരെ കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും വാഹനം തടഞ്ഞിടുകയും ചെയ്തു. രണ്ടര മണിക്കൂർ കഴിഞ്ഞിട്ടും ഉന്നത പൊലീസ് സംഘം എത്താത്തതിനെ തുടർന്ന് പ്രതിഷേധക്കാർ റോഡ് ഉപരോധിച്ചു. കൊട്ടിയം, ഇരവിപുരം, എ.ആർ ക്യാമ്പ് എന്നിവിടങ്ങളിൽനിന്ന് എത്തിയ വൻ പൊലീസ് സംഘം പ്രതിഷേധക്കാരുമായും ഉദ്യോഗസ്ഥരുമായും ചർച്ച നടത്തിയ ശേഷം മാലിന്യം കോർപറേഷൻ തിരികെ കൊണ്ടു പോകുമെന്ന് അറിയിച്ചു. കോർപറേഷെൻറ ടിപ്പർ ലോറിയെത്തി മാലിന്യം തിരികെകൊണ്ടുപോയശേഷമാണ് സമരം അവസാനിച്ചത്. നാളുകളായി ബൈപാസ് റോഡും പരിസരവും മാലിന്യംകൊണ്ട് നിറയുന്നതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. ഇതിനിടയിലാണ് മാലിന്യം തള്ളുന്നവരെ പിടികൂടേണ്ട അധികൃതർ നിയമലംഘനം നടത്തിയത്. വെണ്ടർമുക്കിനും മാടൻനടക്കും ഇടയിലും പള്ളിമുക്ക് പെട്രോൾ പമ്പിന് സമീപവും കുന്നുകൂടി കിടന്ന മാലിന്യങ്ങളാണ് റോഡിൽ കൊണ്ടുവന്നുതള്ളിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.