ആറ്റിങ്ങല്‍ ഗവ. കോളജില്‍ സയന്‍സ് ബ്ലോക്കി​െൻറ ഉള്‍വശം ഇടിഞ്ഞുതാണു

ആറ്റിങ്ങല്‍: ഗവ. കോളജില്‍ ഏഴരക്കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച സയന്‍സ് ബ്ലോക്കി​െൻറ ഉള്‍വശം ഇടിഞ്ഞുതാണ് പോളിമര്‍ കെമിസ്ട്രി ലാബ് അപകടാവസ്ഥയില്‍. വാതക പൈപ്പ് ലൈന്‍ ഉള്‍പ്പെടെ ഇതിനുള്ളിലൂടെ കടന്നുപോകുന്നത് ഭീതി ഉയര്‍ത്തുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി ഉണ്ടായ മഴയെ തുടര്‍ന്നാണ് ലാബിനുള്‍വശം ഇടിഞ്ഞുതാഴ്ന്നതെന്ന് കരുതപ്പെടുന്നു. അഞ്ച് കോടി ചെലവഴിച്ച് മൂന്ന് വര്‍ഷം മുമ്പാണ് ഗവ. കോളജില്‍ സയന്‍സ് ബ്ലോക്കിന് പുതിയ മന്ദിരം നിര്‍മിച്ചത്. 2.5 കോടി ചെലവഴിച്ച് രണ്ടാം ഘട്ടവും പൂര്‍ത്തിയാക്കി. ബഹുനില മന്ദിരത്തി​െൻറ താഴത്തെ നിലയിലെ ഒരു ഭാഗമാണ് ഇടിഞ്ഞത്. പോളിമര്‍ കെമിസ്ട്രി പി.ജി. വിഭാഗം ലാബാണ് ഇവിടെ പ്രവർത്തിക്കുന്നത്. ലാബ് റൂമി​െൻറ ഒരുവശത്തെ ഭിത്തി താഴ്ന്നു. തറയിലെ ടൈലുകള്‍ ഇളകി മാറി. വാതിലുകളും തകര്‍ന്നു. ലാബിനുള്ളില്‍ വെച്ചിരുന്ന ഗ്ലാസ് ഉപകരണങ്ങളും വീണുടഞ്ഞ നിലയിലാണ്. പൈപ്പ് ലൈനുകള്‍ പൊട്ടിയതിനാല്‍ കെട്ടിടത്തിനുള്ളില്‍ വെള്ളം കയറിയിട്ടുണ്ട്. ഈ കെട്ടിടത്തിലേക്കാവശ്യമായ വാതക പൈപ്പ് ലൈനും കടന്നു പോകുന്നത് ഇതിനടിയിലൂടെയാണ്. ഒരാഴ്ചയില്‍ 20 മണിക്കൂര്‍ പി.ജി.വിദ്യാര്‍ഥികള്‍ ലാബില്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്. കെമിസ്ട്രി ഡിപ്പാര്‍ട്മ​െൻറി​െൻറ തന്നെ ശുചിമുറിയുടെ ഭിത്തിയും ഇളകി മാറിയിട്ടുണ്ട്. കോടികള്‍ ചെലവഴിച്ച് നിര്‍മിച്ച കെട്ടിടം സംബന്ധിച്ച് ആദ്യം മുതല്‍ പരാതികള്‍ ഉയര്‍ന്നിരുന്നു. മഴ പെയ്താല്‍ മൂന്നാം നിലയില്‍നിന്ന് വെള്ളം ഒഴുകി അകത്തെത്തുകയും ഇത് താഴത്തെ നില വരെ വ്യാപിക്കുകയും ചെയ്യും. വനിതാ ഹോസ്റ്റലി​െൻറ നിര്‍മാണത്തിലും പരാതികള്‍ ഉണ്ട്. കൂടാതെ കക്കൂസുകളുടെ സെപ്റ്റിക് ടാങ്ക് നിര്‍മിച്ചിരിക്കുന്നത് കുടിവെള്ളമെടുക്കുന്ന കിണറിന് സമീപത്താണ്. അഴുക്കുവെള്ളം ഒഴുക്കാനുള്ള ഓടയും നിര്‍മിച്ചിട്ടില്ല. റൂസ ഫണ്ട് ഉപയോഗിച്ചുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടില്ല. ഗ്രൗണ്ടിലെ വിവിധ വികസന പ്രവര്‍ത്തനങ്ങളും പാതി വഴിയിലാണ്. ഇതിനിടയിലാണ് സയന്‍സ് ബ്ലോക്ക് അപകടത്തിലായിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.