പൂന്തുറ: തീരദേശത്ത് കാലവര്‍ഷം പെയ്തിറങ്ങി. റോഡുകളും തോടുകളും നിറഞ്ഞൊഴുകി വീടുകളിൽ വെള്ളം കയറിയതോടെ തീരദേശത്തെ റോഡുകള്‍ വെള്ളക്കെട്ടിലായി. നിരവധി സ്ഥലങ്ങളില്‍ മരങ്ങള്‍ വീണത് ഗതാഗതവും തടസ്സപ്പെടുത്തി. കാലവര്‍ഷം ശക്തിപ്പെട്ടതോടെ ബുധനാഴ്ച രാത്രി തുടങ്ങിയ മഴ വ്യാഴാഴ്ച പുലര്‍ച്ചയോെടയാണ് തോരാമഴയായി പെയ്തത്. ഉച്ച വരെ നിര്‍ത്താതെ പെയ്ത മഴയില്‍ പൂന്തുറ, ബീമാപളളി, ചെറിയതുറ, ഇടയാര്‍, തിരുവല്ലം, പനത്തുറ, ചെറിയതുറ, വലിയതുറ, വേളി തുടങ്ങിയ സ്ഥലങ്ങളും റോഡുകളും വെള്ളത്തിലായി. ഓടകളും തോടുകളും നിറഞ്ഞ് വെള്ളം ഒഴുകിയതോടെ വാഹനങ്ങളും കാല്‍നട യാത്രക്കാരും വലഞ്ഞു. സ്കൂള്‍ സമയം കനത്ത് പെയ്ത മഴയിലായിരുന്നു കുട്ടികളുടെ യാത്ര. ചില ഭാഗത്തെ രൂക്ഷമായ വെള്ളക്കെട്ടില്‍ വാഹനങ്ങളും മുങ്ങിയതോടെ ഗതാഗതം പലയിടത്തും തടസ്സമായി. സ്കൂളുകളിലും ഓഫിസുകളിലുമെത്താന്‍ ജനങ്ങള്‍ വാഹനങ്ങള്‍ക്കായി നെട്ടോട്ടമായി. ഓടകള്‍ പലതും നിറഞ്ഞൊഴുകിയതിനാല്‍ റോഡും തോടും തിരിച്ചറിയാന്‍ കഴിയാതെയായി. തലനാരിഴക്കാണ് അപകടങ്ങളില്‍നിന്ന് ചിലര്‍ രക്ഷപ്പെട്ടത്. തീരത്തിന് പുറമേ നഗരപ്രദേശങ്ങളായ കിഴക്കേകോട്ട, തമ്പാനൂര്‍, ആര്യശാല, കമലേശ്വരം, കല്ലാട്ട്മുക്ക്, പഴഞ്ചിറ, മണക്കാട്, ചാക്ക, പേട്ട, കണ്ണമ്മൂല, മുട്ടത്തറ, ശ്രീവരാഹം മേഖലയിലും വെള്ളക്കെട്ട് ദുരിതമായി. ചില ഭാഗങ്ങളില്‍ വെള്ളക്കെട്ട് വീടുകള്‍ക്ക് ഭീഷണിയായി നില്‍ക്കുന്നു. കമലേശ്വരം വാര്‍ഡില്‍ മാത്രം 150 വീടുകളിലാണ് വെള്ളം കയറിയത്. ഏഴ് സ്ഥലങ്ങളിലാണ് മരം ഒടിഞ്ഞു വീണത്. സംസ്കൃത കോളജ്, കരുമം തിരുവല്ലം റോഡില്‍ കൃഷ്ണ നഗര്‍, വയലില്‍ക്കട, പി.ടി.പി നഗര്‍, കോട്ടണ്‍ഹില്‍ സ്കൂളിന് സമീപം എന്നിവിടങ്ങളില്‍ മരം വീണത് ഗതാഗത തടസ്സമായി. രണ്ടു മണിക്കൂറിലധികം പണിപ്പെട്ടാണ് ഫയര്‍ഫോഴ്സ് സംഘം ഇവ മുറിച്ചുമാറ്റിയത്. രാത്രിയില്‍ മഴ കനത്താല്‍ വെള്ളക്കെട്ട് കൂടുതല്‍ രൂക്ഷമാകാനും വീടുകളില്‍ വെള്ളം കയറാനും സാധ്യതയേറെ. മഴയും മാലിന്യവും പനി ഉള്‍െപ്പടെ പകര്‍ച്ച വ്യാധികള്‍ പടരുന്നതിന് ഇടയാക്കുമെന്ന ഭീതിയും നിലനില്‍ക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.