കിള്ളി-പൊന്നറ റോഡിലെ വെള്ളക്കെട്ട്; യാത്രക്കാർ ദുരിതത്തിൽ

കാട്ടാക്കട: കിള്ളി-പൊന്നറ റോഡിലെ വെള്ളക്കെട്ട് കാരണം ഇതുവഴിയുള്ള യാത്ര ദുരിതമാകുന്നു. ഇതിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തി. ചെറിയ മഴ പെയ്താൽ പോലും റോഡ് വെള്ളക്കെട്ടാവുന്ന സ്ഥിതിയാണ്. കഴിഞ്ഞ ദിവസം തോരാതെ പെയ്ത മഴയെ തുടർന്ന് റോഡിൽ വെള്ളം നിറഞ്ഞുനിൽക്കുന്നതിനാൽ ഇരുചക്രവാഹനയാത്രികരും കാൽനടയാത്രക്കാരും അപകടത്തിൽപെടുന്നത് നിത്യസംഭവമാണ്. സ്കൂൾ ബസ്, നിരവധി സ്കൂൾ കോളജ് വിദ്യാർഥികൾ ഉൾപ്പെടെ സഞ്ചരിക്കുന്ന റോഡാണ്. ആറ് മാസംമുമ്പ് ജില്ലാ പഞ്ചായത്തി​െൻറ ഫണ്ടിൽ നിന്ന് 15 ലക്ഷം ചെലവഴിച്ച് റോഡ് നവീകരിച്ചെങ്കിലും ഇരുഭാഗത്തും ഓട നിർമിച്ചിരുന്നില്ല. ഇതിനിടെ സമീപവാസികൾ മതിലുകൾ കെട്ടി അടയ്ക്കുകയും ചെയ്‌തു. ഇതിനെ തുടർന്നാണ് റോഡ് വെള്ളക്കെട്ടാവാൻ കാരണമായതെന്ന് നാട്ടുകാർ പറയുന്നു. മലിനജലം ദിവസങ്ങളോളം റോഡിൽ കെട്ടിക്കിടക്കുന്നതിനാൽ പ്രദേശത്ത് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുമെന്ന ആശങ്കയിലാണ് നാട്ടുകാർ. അധികൃതർ അടിയന്തരമായി പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് നാട്ടുകാർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.