നിര്‍മാണനയത്തിൽ പുതിയ അഭിരുചികള്‍ക്ക് പ്രാധാന്യം -മന്ത്രി

തിരുവനന്തപുരം: പുതിയ സാങ്കേതികവിദ്യകളിലൂന്നിയതും പുതിയ അഭിരുചികള്‍ക്ക് പ്രാധാന്യം നല്‍കുന്നതുമായിരിക്കും സര്‍ക്കാറി​െൻറ നിര്‍മാണ നയമെന്ന് മന്ത്രി ജി. സുധാകരന്‍ അറിയിച്ചു. സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയില്‍ പുതുതായി നിര്‍മിച്ച ഹെറിറ്റേജ് മാതൃകയിലെ ബ്ലോക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 2010ല്‍ 3.30 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച കെട്ടിടത്തി​െൻറ നിര്‍മാണം പൂര്‍ത്തിയാക്കിയത് പാരമ്പര്യ ചരിത്ര സ്മാരകങ്ങളുടെ നിര്‍മാണവിദ്യ ഉപയോഗിച്ചാണ്. പുതിയ തലമുറയുടെ പ്രഫഷണലിസത്തിന് ഇണങ്ങുന്നതും പാരമ്പര്യത്തെ മാനിക്കുന്നതുമായ നിര്‍മാണരീതി ഹെറിറ്റേജ് കെട്ടിടത്തിന്റെ നിര്‍മാണത്തിലും ഉപയോഗിച്ചിട്ടുണ്ട്. കലയിലും സാഹിത്യത്തിലും തൽപരരായ ഭരണാധികാരികള്‍ 200 വര്‍ഷം മുമ്പ് പണികഴിച്ച ഇന്ത്യയിലെ ആദ്യത്തെ പബ്ലിക് ലൈബ്രറിയായ സെന്‍ട്രല്‍ ലൈബ്രറി കെട്ടിടത്തിന് ജനാധിപത്യകേരളം പുതുതായി കൂട്ടിച്ചേര്‍ത്ത ആസ്തിയാണ് ഹെറിറ്റേജ് കെട്ടിടമെന്നും മന്ത്രി പറഞ്ഞു. 1391 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള കെട്ടിടത്തി​െൻറ താഴത്തെ നിലയില്‍ റഫറന്‍സ് സെക്ഷന്‍, കാഴ്ച പരിമിതിയുള്ളവര്‍ക്കുള്ള ബ്രെയ്‌ലി ലൈബ്രറി, ടെക്‌നിക്കല്‍ സെക്ഷന്‍, ലൈബ്രേറിയന്‍ റൂം, ഒന്നാം നിലയില്‍ ഇംഗ്ലീഷ് പുസ്തകങ്ങളുടെ ലൈബ്രറി, ഡിജിറ്റല്‍ ലൈബ്രറി, രണ്ടാം നിലയില്‍ കോണ്‍ഫറന്‍സ് ഹാള്‍, എക്‌സിബിഷന്‍ ഹാള്‍ എന്നിവ ക്രമീകരിച്ചിരിക്കുന്നു. എല്ലാനിലയിലും ശൗചാലയവും സ്ഥാപിച്ചിട്ടുണ്ട്. കെട്ടിടത്തി​െൻറ വാസ്തുഘടന പൊതുമരാമത്ത് വകുപ്പ് ആര്‍കിടെക്ചറല്‍ വിഭാഗവും സ്ട്രക്ചറല്‍ രൂപകല്‍പന പൊതുമരാമത്തു വകുപ്പി​െൻറതന്നെ ഡിസൈന്‍ വിഭാഗവുമാണ് തയാറാക്കിയത്. വി.എസ്. ശിവകുമാര്‍ എം.എല്‍.എ അധ്യക്ഷതവഹിച്ച യോഗത്തില്‍ സ്‌റ്റേറ്റ് ലൈബ്രേറിയന്‍ പി.കെ. ശോഭന, മേയര്‍ വി.കെ. പ്രശാന്ത്, കൗണ്‍സിലര്‍ ഐഷാ ബേക്കര്‍, ലൈബ്രറി ഉപദേശക സമിതി അംഗങ്ങളായ ഡോ. ജോര്‍ജ് ഓണക്കൂര്‍, ഡോ. എം.ആര്‍. തമ്പാന്‍, ബി. മുരളി, അഹമ്മദ് കുഞ്ഞ്, പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം എക്‌സിക്യൂട്ടിവ് എൻജിനീയര്‍ ജ്യോതി, ഡെപ്യൂട്ടി സ്റ്റേറ്റ് ലൈബ്രേറിയന്‍ എം.ബി. ഗംഗാപ്രസാദ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.