കരുനാഗപ്പള്ളി: രോഗം ഭേദമായെങ്കിലും ആശുപത്രി വിട്ട് ഇനി എങ്ങോട്ട് പോകണമെന്ന് മോഹനൻപിള്ളക്ക് നിശ്ചയമില്ല. ക്ഷയരോഗം ബാധിച്ച് കരുനാഗപ്പള്ളി പുതിയകാവിലെ നെഞ്ചുരോഗാശുപത്രിയിൽ ആറ് മാസമായി ചികിത്സയിലായിരുന്നു 65 കാരനായ മോഹനൻപിള്ള. അസുഖം സുഖം പ്രാപിച്ചതോടെ ദിവസങ്ങൾക്ക് മുമ്പ് ഡിസ്ചാർജ് ചെയ്തു. ഭാര്യയും മക്കളും തന്നെ ഉപേക്ഷിച്ച് വർഷങ്ങൾക്ക് മുമ്പ് തൃച്ചിനാപ്പള്ളിയിലേക്ക് പോയെന്ന് മോഹനൻപിള്ള പറയുന്നു. ചവറ തെക്കുംഭാഗം സ്വദേശിയായ ഇദ്ദേഹത്തിന് നാട്ടിൽ മറ്റ് ബന്ധുക്കളോ അടുത്ത സുഹൃത്തുക്കളോ ഇല്ല. ഹോട്ടൽ ജോലിയും മറ്റും ചെയ്ത് ജീവിക്കവെയാണ് അസുഖബാധിതനാവുന്നത്. ഇതോടെ ജീവിതം വഴിമുട്ടി. രോഗം മാറിയ സാഹചര്യത്തിൽ ആശുപത്രിയിൽ കഴിയാൻ സാധിക്കില്ല. എന്നാൽ പഴയപോലെ ജോലി ചെയ്ത് ജീവിക്കാനുള്ള ആരോഗ്യവുമില്ല. മെഡിക്കൽ ഒഫിസർ ഡോ.സി.എൻ. നഹാസിെൻറ താൽപര്യപ്രകാരം മോഹനൻപിള്ളക്ക് സംരക്ഷണം നൽകിയിരുന്നു. മോഹനൻപിള്ളയുടെ അവസ്ഥയിൽ ആശുപത്രി അധികൃതരും നിസ്സാഹയരാണ്. സന്നദ്ധ സംഘടനകളോ അഗതിമന്ദിരങ്ങളോ ഇദ്ദേഹത്തെ സംരക്ഷിക്കാൻ മുന്നോട്ടുവരണമെന്ന അഭ്യർഥനയാണ് ആശുപത്രി അധികൃതർക്കും നാട്ടുകാർക്കുമുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.