പൂന്തുറ: ഓഖിയും കടലാക്രമണങ്ങളും വിതച്ച ദുരിതത്തില്‍നിന്ന് കരകയറാത്ത തലസ്ഥാന നഗരത്തിെൻറ തീരദേശത്ത് മഴക്കാല രോഗങ്ങള്‍ പടരുന്നു. രോഗബാധിതരായി സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തുന്നവര്‍ക്ക് മികച്ച ചികിത്സയോ അവശ്യത്തിനുള്ള മരുന്നുകളോ കിട്ടുന്നില്ല. പലയിടത്തും മഴവെള്ളം കെട്ടിനിന്നാണ് രോഗം പടരുന്നത്. ചെറിയ പനിയില്‍ തുടങ്ങുന്ന രോഗം പിന്നീട് പകര്‍ച്ചവ്യാധികളായി മാറുന്ന അവസ്ഥയാണ്. തീരദേശത്തെ മിക്ക റോഡുകളും തകര്‍ന്ന് കുണ്ടുംകുഴിയുമായി. അമ്പലത്തറ, പൂന്തുറ, മാണിക്യവിളാകം, പള്ളിത്തെരുവ്, ബീമാപള്ളി ഈസ്റ്റ്, ബീമാപള്ളി,വലിയതുറ, തിരുവല്ലം വാര്‍ഡുകളിലെ റോഡുകളാണ് അധികവും തകര്‍ന്നത്. കഴിഞ്ഞ വര്‍ഷം പകര്‍ച്ചവ്യാധികള്‍ പിടിപെട്ട് കുട്ടികള്‍ ഉള്‍െപ്പടെ 20ഒാളം പേർ തീരത്ത് മരിച്ചിരുന്നു. വലിയതുറ വാര്‍ഡില്‍ കടലാക്രമണത്തില്‍ വീടുകള്‍ നഷ്ടമായി ദുരിതാശ്വസ ഷെല്‍ട്ടറുകളില്‍ കഴിയുന്നവര്‍ക്കിടയിലും പനി ഉള്‍പ്പെടെ പടരുകയാണ്. 200ലധികം പേരാണ് നിലവില്‍ ക്യാമ്പുകളില്‍ കഴിയുന്നത്. തീരത്ത് എറ്റവും കൂടുതല്‍ ഭീഷണി നിലനില്‍ക്കുന്നത് ഇതരസംസഥാന തൊഴിലാളികളുടെ ക്യാമ്പുകളിലാണ്. ഇവിടെ യാതൊരുവിധ ശുചിത്വവുമില്ലാതെയാണ് തൊഴിലാളികള്‍ കഴിയുന്നത്. ക്യാമ്പുകളിൽ ആരോഗ്യവകുപ്പ് പരിശോധനകള്‍ നടക്കാറില്ല. തീരത്ത് ശുചിത്വതീരപദ്ധതി നടപ്പാക്കുമെന്ന് പറഞ്ഞിരുെന്നങ്കിലും പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങി. പാർവതീ പുത്തനാർ ആഫ്രിക്കന്‍ പായലും കുളവാഴകളും നിറഞ്ഞ് കൊതുകളുടെ ആവാസകേന്ദ്രമായി മാറിയതും രോഗങ്ങള്‍ വേഗത്തില്‍ പടരുന്നതിന് കാരണമാകുന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തിയാല്‍ മതിയായ ചികിത്സാ സംവിധാനങ്ങളോ അവശ്യത്തിനുള്ള ഡോക്ടര്‍മാരോ മരുന്നുകളോ ഇല്ലെന്നും പ്രദേശവാസികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.