കൈയേറിയ കിണര്‍ പഞ്ചായത്ത് ഏറ്റെടുത്തു; വെള്ളം കോരാനെത്തിയ പ്രദേശവാസിക്ക്​ മർദനം

കുന്നിക്കോട്: സ്വകാര്യവ്യക്തി കൈയേറിയ കിണര്‍ പഞ്ചായത്ത് ഏറ്റെടുത്തു. തുടർന്ന് കിണറ്റിൽനിന്ന് വെള്ളം കോരാനെത്തിയ പ്രദേശവാസിയെ മർദിച്ചതായി പരാതി. വിളക്കുടി ഗ്രാമപഞ്ചായത്തിലെ പച്ചിലവളവിന് സമീപത്തെ കിണറാണ് കമ്മിറ്റി തീരുമാനപ്രകാരം പഞ്ചായത്ത് തിരിച്ചെടുത്തത്. രാവിലെ സ്ഥലത്തെത്തിയ പഞ്ചായത്ത് സെക്രട്ടറി ഭദ്രന്‍, പഞ്ചായത്ത് അംഗം അജിമോഹന്‍ എന്നിവര്‍ പൊലീസ് സംരക്ഷണത്തോടെ കിണറ്റിന് സമീപം പഞ്ചായത്തി​െൻറ ബോര്‍ഡ് സ്ഥാപിച്ചു. തുടര്‍ന്ന് കിണറ്റില്‍നിന്ന് വെള്ളം കോരാനെത്തിയ സമീപവാസി നിസാമിനെ സംഘം ചേര്‍ന്നെത്തിയവര്‍ മർദിക്കുകയായിരുന്നു. ബഹളംകേട്ട് ഓടിയെത്തിയ സമീപവാസികള്‍ ചേര്‍ന്ന് പ്രശ്നം പരിഹരിച്ചു. കൈക്കും തലക്കും മര്‍ദനമേറ്റ നിസാം, പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. വീട് കയറി ആക്രമിച്ചതായി കാട്ടി കിണറ്റിന് സമീപത്തെ വീട്ടുകാരും കുന്നിക്കോട് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് 1988ലാണ് കിണര്‍ നിർമിച്ചത്. മേഖലയിലെ ഇരുപത്തിയഞ്ചിലധികം കുടുംബങ്ങള്‍ ഉപയോഗിക്കുന്നത് ഈ കിണറ്റിലെ വെള്ളമായിരുന്നു. കിണര്‍ പൊതുജനങ്ങള്‍ക്കായി നല്‍കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.