യുവ എം.എൽ.എമാരെ ആക്രമിച്ച് പി.ജെ. കുര്യൻ, മുരളീധരെൻറ ബൂത്തിൽ കോൺഗ്രസ് മൂന്നാം സ്ഥാനത്തായെന്ന് സുബ്രഹ്മണ്യൻ തിരുവനന്തപുരം: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിലെ പരാജയത്തോടെ ആരംഭിച്ച കോൺഗ്രസിലെ വിഴുപ്പലക്കൽ ശക്തിപ്രാപിക്കുന്നു. രാജ്യസഭയിലേക്ക് പുതുമുഖത്തെ അയക്കണമെന്ന യുവ എം.എൽ.എമാരുടെ പരസ്യനിലപാടുകൂടി ആയതോടെ മുതിർന്ന നേതാക്കളടക്കം വിശദീകരണവും മറുപടിയുമായി സമൂഹമാധ്യമങ്ങളിൽ സജീവമാണ്. യുവ എം.എൽ.എമാരെ ആക്രമിച്ച് പി.ജെ. കുര്യനും കെ. മുരളീധരനെ കുറ്റപ്പെടുത്തി കെ.പി.സി.സി സെക്രട്ടറി എൻ. സുബ്രഹ്മണ്യനും രംഗത്തെത്തി. കേരളത്തിൽ കെ.എസ്.യുവും യൂത്ത് കോൺഗ്രസും ഇപ്പോഴത്തെ അവസ്ഥയിലെത്തിയത് രാജ്യസഭയിൽ 'വൃദ്ധന്മാർ' പോയതുകൊണ്ടാണോ എന്ന് പി.ജെ. കുര്യൻ ചോദിച്ചു. യുവ എം.എൽ.എമാർ വീട്ടിലെ പ്രായമായവരോടും ഇങ്ങനെയാണോ പെരുമാറുന്നത്. താൻ ആരോടും രാജ്യസഭാ സീറ്റ് ചോദിച്ചിട്ടില്ല. എന്തോ വലിയ തെറ്റ് ചെയ്തെന്നമട്ടിലാണ് ഇവരൊക്കെ സംസാരിക്കുന്നത്. ഇപ്പോൾ അഭിപ്രായം പറയുന്നവരൊക്കെ 25-28 വയസ്സിൽ എം.എൽ.എ ആയവരാണ്. താൻ പലതലങ്ങളിൽ 20 വർഷത്തോളം പ്രവർത്തിച്ചശേഷമാണ് 1980ൽ മാവേലിക്കരയിൽ മത്സരിച്ചത്. അന്നും പാർട്ടിയോട് സീറ്റ് ചോദിച്ചില്ല, സീറ്റ് തന്നു. മാവേലിക്കരയിൽതന്നെ അഞ്ചുതവണ സീറ്റ് നൽകി, അഞ്ചുതവണയും ജയിച്ചു -കുര്യൻ പറയുന്നു. അടിത്തറ തകർക്കാൻ ഓരോ ഘട്ടത്തിലും പങ്കുവഹിച്ചവരും ഇപ്പോൾ അലമുറയിടുന്നുണ്ടെന്ന വസ്തുത കാണാതിരുന്നുകൂടെന്ന് കെ.പി.സി.സി സെക്രട്ടറി എൻ. സുബ്രഹ്മണ്യൻ പറഞ്ഞു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ വീട് അടങ്ങുന്ന ബൂത്തിൽ കോൺഗ്രസ് സ്ഥാനാർഥി പിന്നിലായതിനെക്കുറിച്ച് വിലപിക്കുന്നവർ കഴിഞ്ഞ ലോക്സഭ-നിയമസഭ തെരഞ്ഞെടുപ്പിൽ സംഭവിച്ചത് പരിശോധിക്കണം. കെ. മുരളീധരെൻറ വീട് ഉൾപ്പെടുന്ന കോഴിക്കോട് ബിലാത്തിക്കുളത്തെ ബൂത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി പി.എം. സുരേഷ്ബാബു മൂന്നാം സ്ഥാനത്തായി. കോർപറേഷൻ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയാണ് വാർഡിൽ ജയിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിലും ഈ ബൂത്തിൽ പിന്നിലായിരുന്നു. ഇതിെൻറ പേരിൽ മുരളീധരനെ ആക്ഷേപിക്കാൻ ആരും വന്നിട്ടില്ല. അലൂമിനിയം പട്ടേലെന്നും ഉമ്മൻ കോൺഗ്രസെന്നും മദാമ്മ കോൺഗ്രസെന്നുമുള്ള വിളികൾ പ്രവർത്തകർ മറന്നിട്ടില്ല. ഇതൊക്കെ ചെയ്തവർ പാർട്ടിയെ വിമർശിക്കുമ്പോൾ അതിന് അർഹത ഉണ്ടോ എന്ന് സ്വയം പരിശോധിക്കണമെന്നും സുബ്രഹ്മണ്യൻ പറഞ്ഞു. കൃത്യമായ ഇടവേളകളിൽ രമേശ് ചെന്നിത്തലക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപം ചൊരിയുന്നതിന് പിന്നിൽ ഉന്നത ഗൂഢാലോചനയുണ്ടെന്ന് കെ.പി.സി.സി സെക്രട്ടറിമാരായ പഴകുളം മധുവും എം.എം. നസീറും ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.