കരുനാഗപ്പള്ളി: സ്കൂൾ തുറന്നതോടെ സജീവമാകുന്ന ലഹരി മാഫിയ സംഘങ്ങളെ അമർച്ച ചെയ്യാൻ നടപടി സ്വീകരിക്കണമെന്ന് താലൂക്ക് വികസന സമിതി യോഗത്തിൽ ആവശ്യമുയർന്നു. മഴക്കാലമായതോടെ പകർച്ചവ്യാധികളും മറ്റു രോഗങ്ങളും വരാതിരിക്കാൻ ആരോഗ്യ വിഭാഗവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ജാഗ്രത പാലിച്ച് മുൻകരുതൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യമുയർന്നു. കടൽക്ഷോഭം മൂലം ആലപ്പാട് പഞ്ചായത്തിലെ പ്രയാസങ്ങൾ പരിഹരിക്കുന്നതിന് ഇടിഞ്ഞു തഴ്ന്ന സീവാൾ അറ്റകുറ്റപ്പണി ചെയ്യുക, പുലിമുട്ട് സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗത്തിൽ ചർച്ചയായി. കരുനാഗപ്പള്ളി ടൗണിലെ ഗതാ ഗതക്കുരുക്ക് അവസാനിപ്പിക്കുന്നതിന് ആവശ്യമായ നടപടി ഗതാഗത ഉപദേശക സമിതി സ്വീകരിക്കുക, റോഡുകളിലെ വെള്ളക്കെട്ട് ഒഴിവാക്കുക, കരുനാഗപ്പള്ളിയിൽ ട്രാഫിക് സിഗ്നൽ ലൈറ്റ് പ്രവർത്തനസജ്ജമാക്കുക, ശങ്കരമംഗലം ജങ്ഷനിൽ സിഗ്നൽ സംവിധാനം സ്ഥാപികുക, പുതിയകാവ് - ചക്കുവള്ളി റോഡ് കൈയേറ്റം ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിക്കപ്പെട്ടു. 25 വർഷക്കാലമായി വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഫയർഫോഴ്സിനും സ്വന്തമായി സ്ഥലം അനുവദിക്കുക എന്നീ ആവശ്യങ്ങൾ സമിതിയിൽ ഉയർന്നു. ആർ. രാമചന്ദ്രൻ എം.എൽ.എ അധ്യക്ഷതവഹിച്ചു. കരുനാഗപ്പള്ളി - ശാസ്താംകോട്ട റോഡിലെ മാളിയേക്കൽ റെയിവേ മേൽപാലം, ചിറ്റുമൂല റെയിൽവേ ഓവർബ്രിഡ്ജ് എന്നിവയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചതായും ആർ. രാമചന്ദ്രൻ എം.എൽ.എ യോഗത്തെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.