കരുനാഗപ്പള്ളി: സ്ത്രീശാക്തീകരണ രംഗത്ത് വ്യത്യസ്ത മാതൃക തീർക്കാൻ കുടുംബശ്രീയും താലൂക്ക് ലൈബ്രറി കൗൺസിലും കൈകോർക്കുന്നു. 'പെണ്ണകം' എന്ന പേരിലാണ് സ്ത്രീകൂട്ടായ്മ ഒരുങ്ങുന്നത്. താലൂക്കിലെ നൂറിലധികം ഗ്രന്ഥശാലകളിൽ പ്രവർത്തിച്ചുവരുന്ന വനിതാവേദി കൂട്ടായ്മയെയും വിവിധ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലുമുള്ള കുടുംബശ്രീ പ്രവർത്തകരെയും കൂട്ടിയിണക്കിയാണ് പദ്ധതി നടപ്പാക്കുന്നത്. പരമ്പരാഗത സ്ത്രീ കൂട്ടായ്മകളിൽ നിന്ന് വ്യത്യസ്തമായ പ്രവർത്തന പദ്ധതികളാണ് ലക്ഷ്യമിടുന്നത്. വായനാകൂട്ടങ്ങൾ, സ്ത്രീയും ആരോഗ്യമേഖലയും, സ്ത്രീസുരക്ഷാ നിയമവേദി, വാർഡുതലം വരെയുള്ള ജാഗ്രതാസമിതികൾ, വനിതാകലാസംഘങ്ങൾ തുടങ്ങി വേറിട്ട വഴികളിലൂടെയാണ് പുതിയ സ്ത്രീകൂട്ടായ്മയുടെ സഞ്ചാരമെന്ന് ഭാരവാഹികൾ പറഞ്ഞു. ആദ്യഘട്ടമായി മൂന്നുദിവസത്തെ 'റീജനൽ വുമൺ കോൺക്ലേവ്' ജൂലൈയിൽ കരുനാഗപ്പള്ളിയിൽ നടക്കും. താലൂക്ക് തലത്തിൽ ചേർന്ന സ്ത്രീ കൂട്ടായ്മ കുടുംബശ്രീ മിഷൻ ജില്ലാ കോഓഡിനേറ്റർ എ.ജി. സന്തോഷ് ഉ്ദഘാടനം ചെയ്തു. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം ആർ.കെ. ദീപ അധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് അംഗം എം. സുരേഷ് കുമാർ സ്വാഗതം പറഞ്ഞു. താലൂക്ക് കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ വിശദീകരണം നടത്തി. പി. ചന്ദ്രശേഖരപിള്ള, പി.ബി. ശിവൻ, വി.ആർ. അജു, സുബൈദാ കുഞ്ഞുമോൻ, ബി. സുധർമ, വി.പി. ജയപ്രകാശ് മേനോൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ആർ.കെ. ദീപ (രക്ഷാധികാരി), ഷെർളി ശ്രീകുമാർ (ചെയ.), കെ.എസ്. പ്രിയ (കൺ.) ബിന്ദുമേനോൻ, ഡോ. മീന (വൈസ് ചെയ.), ലതിക, സീന, ജസീന റഹിം (ജോ. കൺ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.