കുളത്തൂപ്പുഴ: മാസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ കുളത്തൂപ്പുഴ റോക്ക് വുഡ് കടവിൽ കടത്തുവള്ളം നീറ്റിലിറക്കി. ഗ്രാമപഞ്ചായത്തിലെ ആറ്റിനു കിഴക്കേക്കര, ചെമ്പനഴികം, വട്ടക്കരിക്കം, വില്ലുമല, രണ്ടാംമൈൽ, ആമക്കുളം തുടങ്ങി ആദിവാസികളും പട്ടികജാതിക്കാരുമുൾപ്പെടെ നൂറുകണക്കിനു കുടുംബങ്ങൾ താമസിക്കുന്ന പ്രദേശത്തേക്കു പുഴ കടന്നുപോകുന്നതിനു കല്ലടയാറിലെ റോക്ക് വുഡ് കടവിലുള്ള കടത്തുവള്ളമാണ് നാട്ടുകാരുടെ ആശ്രയം. മാസങ്ങൾക്കുമുമ്പ് കടവിലുണ്ടായിരുന്ന വള്ളം അറ്റകുറ്റപ്പണിക്കായി കരയിൽ കയറ്റി െവച്ചെങ്കിലും സമയബന്ധിതമായി അറ്റകുറ്റപ്പണി നടത്താതിരുന്നതിനെത്തുടർന്ന് ഉപയോഗശൂന്യമാവുകയായിരുന്നു. ഇതിനെത്തുടർന്ന് നാട്ടുകാരുടെ നിരന്തര ആവശ്യം പരിഗണിച്ച് ഗ്രാമപഞ്ചായത്ത് ഇടപെട്ട് പുതിയ വള്ളം നിർമിച്ചെത്തിക്കുന്നതിനു കരാർ നൽകുകയും ചെയ്തു. മാർച്ചോടെ പുതിയ വള്ളം കരാറുകാരൻ കടവിലെത്തിെച്ചങ്കിലും എസ്റ്റിമേറ്റ് പ്രകാരമല്ല നിർമാണം പൂർത്തിയാക്കിയതെന്ന വാദമുന്നയിച്ച് തുക മാറി നൽകാൻ അധികൃതർ തയാറാകാതെ വന്നതോടെ കരാറുകാരൻ വള്ളം പൂട്ടിയിടുകയായിരുന്നു. വള്ളത്തിെൻറ പ്രവർത്തനക്ഷമതയും സുരക്ഷിതത്വവും പരിശോധിച്ച് ഉറപ്പുവരുത്തി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകേണ്ട ജലഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ എത്തുന്നതിനും കാലതാമസം നേരിട്ടു. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ വള്ളം പൊതുജനത്തിന് കടത്തുപയോഗത്തിനു വിട്ടുനൽകാൻ പഞ്ചായത്ത് അധികൃതരും തയാറായില്ല. കാലവർഷം ആരംഭിക്കുന്നതിനു മുമ്പായി കടത്തുവള്ളം പുനരാരംഭിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമായതോടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കുകയും കരാറുകാരന് തുക നൽകുകയും ചെയ്തതോടെയാണ് പരിഹാരമായത്. ശനിയാഴ്ച ഉച്ചക്ക് കടവിൽ സംഘടിപ്പിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സാബു എബ്രഹാം വള്ളം പുഴയിലിറക്കി. ജില്ല പഞ്ചായത്ത് അംഗം ഷീജ. കെ.ആർ, വാർഡ് അംഗം എസ്. നളിനിയമ്മ എന്നിവരും നാട്ടുകാരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.