ശംഖുംമുഖം ആര്‍ട്ട് മ്യൂസിയം നാടിന് സമര്‍പ്പിച്ചു

ശംഖുംമുഖം: സംസ്ഥാനത്തെ മ്യൂസിയങ്ങള്‍ സംരക്ഷിക്കാനും പരിഷ്‌കരിക്കാനുമുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ചരിത്രസംഭവങ്ങള്‍ പലതും നാടിനെ തെറ്റിദ്ധരിപ്പിക്കും വിധം അവതരിപ്പിക്കുന്ന ഇക്കാലത്ത് വസ്തുതകള്‍ വരുംകാലത്തേക്കായി കൃത്യമായി രേഖപ്പെടുത്തിവെക്കുന്ന മ്യൂസിയങ്ങളുടെ പ്രസക്തി വലുതാണെന്നും അദ്ദേഹം പറഞ്ഞു. ശംഖുംമുഖം തെക്കേകൊട്ടാരത്തില്‍ ആര്‍ട്ട് മ്യൂസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. തിരുവനന്തപുരത്തുള്ള നാഷനല്‍ ഹിസ്റ്ററി മ്യൂസിയം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. മൂന്നുമാസം കൊണ്ട് പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കാനാകും. നേപ്പിയര്‍ മ്യൂസിയത്തി​െൻറ നവീകരണവും ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പ്രമുഖ ചിത്രകാരന്‍ സുധീര്‍ പട്‌വര്‍ധന്‍ മുഖ്യാതിഥിയായി. കാറ്റലോഗ് പ്രകാശനം ശില്‍പി കാനായി കുഞ്ഞിരാമന്‍ നിര്‍വഹിച്ചു. മേയര്‍ വി.കെ. പ്രശാന്ത് സ്വാഗതം പറഞ്ഞു. വെബ്‌സൈറ്റി​െൻറ ഉദ്ഘാടനം വി.എസ്. ശിവകുമാര്‍ എം.എല്‍.എ നിര്‍വഹിച്ചു. ലളിതകലാ അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ്, ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ലെനിന്‍ രാജേന്ദ്രന്‍, മുൻ മേയര്‍ കെ. ചന്ദ്രിക, ഡോ. ജി. അജിത്കുമാര്‍, നഗരസഭാ സ്ഥിരം സമിതി ചെയര്‍മാന്‍മാര്‍, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. തുടര്‍ന്ന് മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയും കരുണാമൂര്‍ത്തിയും ചേര്‍ന്നവതരിപ്പിക്കുന്ന ഫ്യൂഷന്‍ സംഗീതപരിപാടിയും അരങ്ങേറി. രാവിലെ പത്ത് മുതല്‍ രാത്രി എട്ടുവരെയാണ് ശംഖുംമുഖം ആര്‍ട്ട് മ്യൂസിയം പ്രവര്‍ത്തിക്കുക. മുതിര്‍ന്നവര്‍ക്ക് 30 രൂപയും ഏഴുവയസ്സിന് മുകളിലുള്ള കുട്ടികള്‍ക്ക് 10 രൂപയുമാണ് പ്രവേശനഫീസ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.