ഇടതുവിരുദ്ധപ്രചാരണത്തിന്​ മാധ്യമങ്ങൾക്ക്​ സഹായം ലഭിച്ചു -പിണറായി

തിരുവനന്തപുരം: ഇടതുവിരുദ്ധപ്രചാരണത്തിന് മാധ്യമങ്ങൾക്ക് സഹായം ലഭിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുത്തരിക്കണ്ടം മൈതാനിയിൽ ആർട്ടിസാൻസ് യൂനിയൻ (സി.ഐ.ടി.യു) സുവർണജൂബിലി സമ്മേളനത്തിൽ കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ജെ.പിക്കുവേണ്ടി പ്രചാരണം നടത്താൻ ചില മാധ്യമഭീമന്മാരെ സമീപിച്ച കാര്യം പുറത്തുവന്നിരുന്നു. രാഷ്ട്രീയ എതിരാളികളെ തകർക്കാനുള്ള വാർത്ത നൽകണമെന്നായിരുന്നു അവർക്ക് നൽകിയ നിർദേശം. ആ കെണിയിൽ വീണവരുമുണ്ട്. സമൂഹത്തെയും ജനങ്ങളെയും തിരിച്ചറിയാൻ ഈ മാധ്യമവിദഗ്ധന്മാർക്ക് കഴിഞ്ഞില്ല. രാത്രി ഒമ്പതുമണി വാർത്തയിൽ അവർ സർക്കാറിനെതിരെ എന്തെല്ലാമോ വിളിച്ചു പറഞ്ഞു. അങ്ങാടിയിൽ ആട് ഇറങ്ങുന്നതുപോലെയാണ് ചിലർ രാത്രിചർച്ചക്ക് ഇറങ്ങുന്നത്. ഇവർക്കുപിന്നിൽ മാധ്യമ ഉടമകളുണ്ട്. തെറ്റായകാര്യങ്ങൾ പ്രചരിപ്പിക്കുന്നതിന് ചില കേന്ദ്രങ്ങളിൽനിന്ന് അവർക്ക് സഹായവും ലഭിച്ചിട്ടുണ്ട്. ഇതിനെയെല്ലാം ചെറുക്കാൻ സമൂഹത്തിന് കരുത്തും ഉൾക്കാമ്പുമുണ്ടെന്ന് അവർ മനസ്സിലാക്കണം. ദൂഷ്യങ്ങളുള്ള നാടായി കേരളത്തെ മാറ്റിയെടുക്കാനാണ് ചിലർ ശ്രമിക്കുന്നത്. ചെങ്ങന്നൂരിൽ നേരേത്ത എൽ.ഡി.എഫിനൊപ്പമില്ലാതിരുന്ന കൂട്ടർ ഇപ്പോൾ കൂടെനിന്നു. കൂടുതൽ വിനയത്തോടെയും കാര്യക്ഷമതയോടെയും ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാനുള്ള കരുത്താണ് ചെങ്ങന്നൂർ സർക്കാറിന് നൽകുന്നത്. ആഗോളീകരണത്തിനെതിരായ ബദൽ നയമാണ് സംസ്ഥാന സർക്കാർ നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ.എ.യു സംസ്ഥാന പ്രസിഡൻറ് പി.കെ. ഷാജൻ അധ്യക്ഷത വഹിച്ചു. ആനത്തലവട്ടം ആനന്ദൻ, കാട്ടാക്കട ശശി, ജയൻബാബു, ചെറ്റച്ചൽ സഹദേവൻ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.