പാറശ്ശാല: സംസ്ഥാനത്തിെൻറ അതിർത്തി ഗ്രാമങ്ങൾ കഞ്ചാവ് മാഫിയയുടെ പിടിയിൽ. കഞ്ചാവിന് അടിമകളാകുന്നവരിൽ ഏറെയും ചെറുപ്പക്കാരും സ്കൂൾ വിദ്യാർഥികളുമാണ്. അതിർത്തി പ്രദേശം കേന്ദ്രീകരിച്ചാണ് പ്രദേശത്ത് കഞ്ചാവ് എത്തിക്കുന്നത്. തമിഴ്നാട്ടിൽനിന്ന് ട്രെയിൻ മാർഗമാണ് കൂടുതലായി കഞ്ചാവ് അതിർത്തി കടന്നെത്തുന്നത്. സ്ത്രീകൾ, സ്കൂൾ, കോളജ് വിദ്യാർഥികൾവരെ കഞ്ചാവ് മാഫിയകളുടെ ശൃഖലയിലുണ്ട്. റെയിൽവേ സ്‌റ്റേഷൻ, ആശുപത്രി പരിസരം, കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരം, ബസ് സ്റ്റോപ്പുകൾ, മാർക്കറ്റ്, സ്കൂൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് കഞ്ചാവ് വിൽപ്പനയും കൈമാറ്റവും. മാസങ്ങൾക്ക് മുമ്പ് പാറശ്ശാല ഗവ. ഹയർസെക്കൻഡറി സ്കൂളിന് സമീപം കഞ്ചാവ് വിൽപനക്കെത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രാത്രികാലങ്ങളിൽ ട്രെയിൻ മാർഗവും പൂക്കൾ കൊണ്ടുവരുന്ന വാഹനങ്ങളിലും ആഡംബര ടൂറിസ്റ്റ് ബസുകളിലുമായി അതിർത്തിയിലെത്തിക്കുന്ന കഞ്ചാവ് രഹസ്യ കേന്ദ്രങ്ങളിലേക്ക് സംഘം മാറ്റും. ചെറുതും വലുതുമായ പൊതികളിലാക്കി മൊത്തവ്യാപാരികൾക്കും ചില്ലറ വ്യാപാരികൾക്കുമെത്തിക്കുകയാണ് പതിവ്. കോളജ് വിദ്യാർഥികളെന്ന വ്യാജേന ബാഗുകളിൽ ചോറ്റുപാത്രങ്ങളിലും ചോറ് പൊതികളാക്കിയുമാണ് ചില്ലറ വിൽപന. സ്ഥിരം ഉപഭോക്താക്കൾക്കും പരിചയമുള്ളവർക്കുമാണ് ഇവ നൽകുക. പ്രദേശത്തെ ഭൂരിഭാഗം സ്ഥലങ്ങളിലെയും ചതുപ്പുനിലങ്ങൾ, ഏലാകൾ, കളിസ്ഥലങ്ങൾ, റബർ തോട്ടം, കനാലുകളുടെ സമീപങ്ങളെല്ലാം കഞ്ചാവ് ഉപയോഗിക്കുന്നവരുടെ വിഹാരകേന്ദ്രങ്ങളാണ്. കഞ്ചാവെത്തുന്ന സ്രോതസ്സ് കണ്ടെത്താനോ അതിനെക്കുറിച്ച് അന്വേഷിക്കാനോ അധികൃതർ തയാറാകുന്നില്ലെന്നാണ് ആക്ഷേപമുയരുന്നത്. കഞ്ചാവ് മാഫിയകളെ അമർച്ച ചെയ്യാൻ അധികൃതർ നടപടി കൈക്കൊള്ളണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.