സമരം അവസാനിപ്പിക്കാതെ ജി.ഡി.എസുമാർ; തപാൽ സ്തംഭനം തുടരും

തിരുവനന്തപുരം: പോസ്റ്റ് മാസ്റ്റർ ജനറലുമായുള്ള ചർച്ചക്ക് ശേഷം ഡിപ്പാർട്മ​െൻറ് ജീവനക്കാർ പിന്മാറിയെങ്കിലും തപാൽ വകുപ്പിലെ ഗ്രാമീൺ ഡാക് സേവകുമാർ (ജി.ഡി.എസ്) അനിശ്ചിതകാല സമരം തുടരുന്നു. വേതന വർധനവടക്കമുള്ള ആവശ്യങ്ങൾ അനുവദിക്കുന്നതു വരെ പിന്നോട്ടില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ജി.ഡി.എസ് വിഭാഗം ജീവനക്കാർ. ഇതോടെ സമരം 13ാം ദിനത്തിലേക്ക് കടക്കുകയാണ്. ജി.ഡി.എസുകാരുടെ നാല് ദേശീയ സംഘടനകളാണ് അനിശ്ചിതകാല സമരത്തിന് ആഹ്വാനം ചെയ്തത്. കേരളം, തമിഴ്നാട്, ബംഗാൾ, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ ഡിപ്പാർട്മ​െൻറ് വിഭാഗം ജീവനക്കാരും സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പണിമുടക്കിൽ പങ്കെടുക്കുകയായിരുന്നു. സമരം 10ാം ദിനത്തിലേക്ക് കടക്കുന്ന ഘട്ടത്തിലാണ് പോസ്റ്റ് മാസ്റ്റർ ജനറലുമായുള്ള ചർച്ചയിലെ ധാരണ പ്രകാരം ഡിപ്പാർട്മ​െൻറ് ജീവനക്കാർ കേരളത്തിൽ പണിമുടക്കിൽനിന്ന് പിന്മാറിയത്. തമിഴ്നാട്ടിലും ആന്ധ്രയിലുമെല്ലാം ഡിപ്പാർട്മ​െൻറ് വിഭാഗം നേരത്തേതന്നെ പണിമുടക്കിൽനിന്ന് പിന്മാറിയിരുന്നു. ബ്രാഞ്ച് പോസ്റ്റ് ഓഫിസുകളിൽ പൂർണമായും ജി.ഡി.എസ് വിഭാഗം ജീവനക്കാരാണുള്ളത്. സബ് പോസ്റ്റ് ഓഫിസുകൾ മുതൽ മുകളിലേക്ക് ഡിപ്പാർട്മ​െൻറ് വിഭാഗവും. മേൽത്തട്ടിൽ ഓഫിസുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും താഴേത്തട്ടിലെ തപാൽ നീക്കവും കൈമാറ്റവും പൂർണമായി സ്തംഭിച്ചിരിക്കുകയാണ്. സബ് ഓഫിസുകളിലും ജി.ഡി.എസ് വിഭാഗം ജീവനക്കാരുണ്ട്. ഇവരും ജോലിക്കെത്തുന്നില്ല. തപാൽ വകുപ്പിലെ 4.5 ലക്ഷം ജീവനക്കാരിൽ 2.63 ലക്ഷം പേർ ജി.ഡി.എസുകാരാണ്. കേന്ദ്ര സർവിസിന് കീഴിലാണെങ്കിലും കേന്ദ്രജീവനക്കാരുടെ ആനുകൂല്യങ്ങളൊന്നും ഇവർക്കില്ല. 2016 മുതൽ കേന്ദ്രസർക്കാർ ജീവനക്കാർക്കു 18,000 രൂപ മിനിമം വേതനം തീരുമാനിച്ചപ്പോൾ ഗ്രാമീണ് ഡാക് സേവക്മാർക്ക് 3000 മുതൽ 4500 രൂപ വരെ മാത്രമാണ് അടിസ്ഥാനവേതനമായി ലഭിക്കുന്നത്. അവധി, ചികിത്സ, വിരമിക്കൽ ആനുകൂല്യങ്ങളിലും വിവേചനമുണ്ട്. സേവന-വേതന പരിഷ്കരണത്തിനായി നിയമിച്ച കമലേഷ് ചന്ദ്ര കമ്മിറ്റി റിപ്പോർട്ട് അനുകൂല ശിപാർശകളോടെ രണ്ടുവർഷം മുമ്പ് കൈമാറിയെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ലെന്നും ഭാരവാഹികൾ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.