രഹസ്യം ചോർത്താനാകാതെ പൊലീസ്​ രഹസ്യാന്വേഷണ വിഭാഗം

തിരുവനന്തപുരം: കഴിവുള്ള ഉദ്യോഗസ്ഥരുടെ അഭാവത്തിൽ പൊലീസ് രഹസ്യാന്വേഷണ വിഭാഗം പ്രവർത്തനം അവതാളത്തിൽ. സർക്കാറിനെയും പൊലീസിനെയും പ്രതിക്കൂട്ടിലാക്കി അടുത്തിടെയുണ്ടായ പല സംഭവങ്ങളിലും രഹസ്യാന്വേഷണ വിഭാഗത്തി​െൻറ ഭാഗത്തുനിന്ന് ഗുരുതര പാളിച്ചയാണുണ്ടായത്. വാട്സ്ആപ് ഹർത്താൽ പ്രഖ്യാപനത്തിലും ഒടുവിൽ കോട്ടയത്തെ ദുരഭിമാനകൊലയിലും പ്രകടമായത് ഇൗ പാളിച്ചയാണ്. കൃത്യമായ വിവരം ലഭ്യമാക്കുന്നതിൽ സ്പെഷൽബ്രാഞ്ച് ഉദ്യോഗസ്ഥർ പരാജയപ്പെടുകയാണെന്ന് പൊലീസിലെ ഉന്നതർ തന്നെ സമ്മതിക്കുന്നു. രാഷ്ട്രീയ ഇടപെടലിനെതുടർന്ന് പരിചയസമ്പത്തില്ലാത്തവരെ സ്പെഷൽ ബ്രാഞ്ചിലേക്ക് നിയമിക്കുന്നതാണ് പ്രവർത്തനം അവതാളത്തിലാകാൻ കാരണം. യൂനിഫോം ഇടേണ്ടതില്ലെന്ന കാരണത്താൽ ഇൗ വിഭാഗത്തിലെത്താൻ പൊലീസുകാരുടെ മത്സരമാണ്. എന്നാൽ, ഇവിടെ ജോലി കിട്ടിയാൽ പിന്നെ ഒന്നും ചെയ്യാത്ത അവസ്ഥയും. ആഴ്ചയിൽ ഉന്നത ഉദ്യോഗസ്ഥൻ മുമ്പാകെ ത​െൻറ സ്റ്റേഷൻപരിധിയിലെ കാര്യങ്ങൾ വിശദീകരിക്കാനുള്ള ചുമതല സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥനുണ്ട്. മിക്ക ജില്ലകളിലും കാര്യമായ റിപ്പോർട്ട് നൽകാനാകുന്നില്ല. മുമ്പ് കാര്യങ്ങൾ വ്യക്തമായി അറിയാവുന്ന പരിചയസമ്പന്നരെയാണ് നിയമിച്ചിരുന്നത്. ഇപ്പോൾ, ഭൂരിപക്ഷവും വിവരശേഖരണത്തിന് ഫോണും പൊലീസ് സ്റ്റേഷനുകളിലെ ജനറൽ ഡയറി (ജി.ഡി) ഇൻചാർജിനെയുമാണ് ആശ്രയിക്കുന്നതെന്ന ആക്ഷേപം ശക്തമാണ്. ജോലിഭാരം കൂടിയതാണ് തങ്ങളുടെ പ്രവർത്തനങ്ങളെ ബാധിക്കുന്നതെന്ന് സ്പെഷൽബ്രാഞ്ച് വൃത്തങ്ങളും പരാതിപ്പെടുന്നു. ഇപ്പോൾ ഒരു ഉദ്യോഗസ്ഥൻ മൂന്ന് സ്റ്റേഷൻപരിധിയിലെ കാര്യങ്ങൾ നോക്കേണ്ട അവസ്ഥയിലാണെത്ര. മുമ്പ്, ഉന്നതഉദ്യോഗസ്ഥരുടെ തെറ്റായ നടപടികളുൾപ്പെടെ കണ്ടെത്തി റിപ്പോർട്ട് ചെയ്യുമായിരുന്നു. ഇപ്പോൾ ഉന്നതരുടെ അപ്രിയത്തിന് പാത്രമാകുമെന്ന് കരുതി രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥർ റിപ്പോർട്ട് നൽകാറില്ലെന്ന ആക്ഷേപവുമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.