അഞ്ചൽ: ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.സി. ജോസ് സ്ഥാനം രാജിെവച്ചു. ഇടതുമുന്നണിയിലെ ധാരണപ്രകാരമാണ് രാജി. സി.പി.ഐ പ്രതിനിധിയായ ജോസ് ഇന്നലെ വൈകീട്ട് നാേലാടെ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കാണ് രാജിക്കത്ത് നൽകിയത്. അടുത്ത രണ്ടരവർഷം സി.പി.എമ്മിനാണ് പ്രസിഡൻറ് സ്ഥാനം. ഏരൂർ പഞ്ചായത്ത് പ്രസിഡൻറ് സി.പി.എം പ്രതിനിധി ഓമന മുരളിയും വെള്ളിയാഴ്ച രാജിവെക്കും. ഇവിടെ മുന്നണി ധാരണപ്രകാരം അടുത്ത ഊഴം സി.പി.ഐക്കാണ്. കശുവണ്ടി, പാറക്വാറി മേഖലകളിലെ പ്രതിസന്ധി; കുട്ടികളെ സ്കൂളിൽ വിടാൻ കഴിയാതെ രക്ഷിതാക്കൾ വെളിയം: കശുവണ്ടി ഫാക്ടറി, പാറക്വാറി മേഖലകളിലെ പ്രവർത്തനങ്ങൾ നിശ്ചലമായതും അതുവഴിയുള്ള വരുമാനം നിലച്ചതും കാരണം മക്കളെ സ്കൂളിൽ വിടാൻ കഴിയാതെ രക്ഷിതാക്കൾ. വെളിയം, കരീപ്ര, എഴുകോൺ, പൂയപ്പള്ളി, ഉമ്മന്നൂർ പഞ്ചായത്തുകളിലെ കശുവണ്ടി, പാറക്വാറി തൊഴിലാളികളാണ് ബുദ്ധിമുട്ട് അനുഭവിക്കുന്നത്. കുട്ടികളെ സ്കൂളിൽ വിടുന്നതിന് ചെലവ് വർധിച്ചതിനാൽ പലരും പണം കടംവാങ്ങിയും സ്വർണാഭരണങ്ങൾ പണയപ്പെടുത്തിയുമാണ് കാശ് കണ്ടെത്തുന്നത്. രണ്ട് വർഷമായി മേഖലയിലെ കശുവണ്ടി-പാറക്വാറിയുടെ പ്രവർത്തനങ്ങൾ നിർത്തിവെച്ചിട്ട്. ഈ ജോലി ചെയ്തിരുന്ന ആയിരത്തോളം പേർ ഇപ്പോൾ കൂലിവേലക്ക് പോകേണ്ട അവസ്ഥയാണ്. എന്നാൽ മഴ ശക്തമായതോടെ മിക്കയിടത്തും നിർമാണമേഖലയിലെ പണികളും നിർത്തിവെച്ചിരിക്കുകയാണ്. ജില്ലയിൽ പാറക്ഷാമം രൂക്ഷമായതിനാൽ നിർമാണമേഖല ഇഴഞ്ഞുനീങ്ങുകയാണ്. കെട്ടിടമേഖലയിൽ നിന്നവർതന്നെ പാറ പ്രതിസന്ധിമൂലം ജോലിയില്ലാത്ത അവസ്ഥയിലാണ്. ഈ സാഹചര്യത്തിലാണ് കശുവണ്ടി-പാറക്വാറി മേഖലകളിൽ പണിയെടുത്തിരുന്നവർ നിർമാണമേഖലയിലേക്കും മറ്റും ചുവട്മാറ്റിയത്. സ്ത്രീകൾ മിക്കവരും തൊഴിലുറപ്പ് പദ്ധതിയിൽ ചേർന്നെങ്കിലും അവിടെയും ജോലിയില്ലാത്ത അവസ്ഥയാണ്. സ്കൂളിൽ പോകാൻ പുത്തൻ വസ്ത്രവും ബാഗും പുസ്തകവും വാങ്ങാൻ രക്ഷാകർത്താക്കൾക്ക് നിർവർത്തിയില്ലാത്തതിനാൽ വെളിയം കോളനിയിലെ കുട്ടികളും നിരാശയിലാണ്. പഞ്ചായത്തുതല പ്രവേശനോത്സവം ആയൂർ: ഇളമാട് ഗ്രാമ പഞ്ചായത്തുതല പ്രവേശനോത്സവം വെള്ളിയാഴ്ച രാവിലെ 10ന് കാരാളികോണം സീതീ സാഹിബ് സ്കൂളിൽ പഞ്ചായത്ത് പ്രസിഡൻറ് കുമാരി എസ്. ചിത്ര ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ പി.വി. മിനിമോൾ അധ്യക്ഷത വഹിക്കും. പി.ടി.എ പ്രസിഡൻറ് വിക്രമൻ പിള്ള, പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.എ. സത്താർ എന്നിവർ സംസാരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.