കൊല്ലം: സര്‍ക്കാർ നിര്‍ദേശപ്രകാരം ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോര്‍പറേഷനിലും സംരംഭക ക്ലബുകള്‍ രൂപവത്കരിക്കാന്‍ ജില്ലാ ആസൂത്രണസമിതി യോഗം തീരുമാനിച്ചു. പ്രാദേശിക പുരോഗതിക്ക് ഉതകുന്ന രീതിയില്‍ സംരംഭകത്വ വികസനത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ത്വരിതപ്പെടുത്തുന്നതിനും ആണ് ഇവ വിഭാവനംചെയ്തിട്ടുള്ളത്. പ്രാഥമിക പരിശീലനം, വ്യക്തിത്വവികസന പരിശീലനം മാനേജ്മെൻറ് വൈദഗ്ധ്യം നേടുന്നതിനും നൂതനസംരംഭങ്ങള്‍ പരിചയപ്പെടുന്നതിനുമുള്ള വേദിയാകും ഈ ക്ലബുകള്‍. വിപണന തന്ത്രങ്ങള്‍, ഉപഭോക്തൃ വ്യവസ്ഥകള്‍, അനുവാദ നടപടിക്രമങ്ങള്‍ എന്നിവ മനസ്സിലാക്കാനും നൈപുണ്യ വികസന-സംരംഭകത്വവികസന സ്ഥാപനങ്ങളെ പരിചയപ്പെടാനും സാങ്കേതിക ഉപദേശം ലഭ്യമാക്കാനും ഈ സംവിധാനം ഉപകരിക്കും. സംരംഭക ക്ലബുകളുടെ തുടര്‍ച്ചയായി ബ്ലോക്ക് പഞ്ചായത്ത് തലത്തില്‍ എൻറര്‍പ്രൈസ് ഫെസിലിറ്റേഷന്‍ സെൻററുകള്‍ (ഇ.എഫ്.സി) തുടങ്ങും. മൂന്നാംഘട്ടം ജില്ലാ വ്യവസായ കേന്ദ്രത്തിലെ പരിശീലന പരിപാടിയാണ്. തദ്ദേശഭരണ സ്ഥാപനങ്ങളുടെ നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ പദ്ധതി വിഹിതത്തില്‍നിന്ന് ഇതിനായി തുക നീക്കിവെക്കണമെന്ന് ആസൂത്രണസമിതി നിര്‍ദേശിച്ചു. ജൂണ്‍ 16നകം സംരംഭക ക്ലബുകള്‍ കൂടി ഉള്‍പ്പെടുത്തി വാര്‍ഷികപദ്ധതി ഭേദഗതി ചെയ്യണം. എട്ട് തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാര്‍ഷികപദ്ധതി അന്തിമമാക്കല്‍ നടപടി ജില്ലാ ആസൂത്രണസമിതി അംഗീകരിച്ചു. ഹരിതകേരളം മിഷെൻറ ഭാഗമായി തയാറാക്കിയ കൊല്ലം കോര്‍പറേഷെൻറയും പരവൂര്‍ മുനിസിപ്പാലിറ്റിയുടെയും നീര്‍ത്തടാധിഷ്ഠിത വികസന റിപ്പോര്‍ട്ടിന് സമിതി അംഗീകാരംനല്‍കി. സംസ്ഥാനത്ത് ആദ്യമായാണ് നീര്‍ത്തടാധിഷ്ഠിത വികസന റിപ്പോര്‍ട്ട് തയാറാക്കുന്നത്. ജില്ലയില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന സംയോജിത പ്രോജക്ടുകളുടെ പദ്ധതി റിപ്പോര്‍ട്ടുകള്‍ക്കും യോഗത്തില്‍ അംഗീകാരമായി.ആസൂത്രണ സമിതിയുടെ റിപ്പോര്‍ട്ടുകളും നിര്‍ദേശങ്ങളും മറ്റും പ്രസിദ്ധീകരിക്കുന്നതിന് വെബ്‌സൈറ്റ് ആരംഭിക്കുന്നതിന് യോഗം തീരുമാനിച്ചു. ആസൂത്രണസമിതി അധ്യക്ഷ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സി. രാധമണി അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍, ജില്ലാ പ്ലാനിങ് ഓഫിസര്‍ എ. ഷാജി, മറ്റ് അംഗങ്ങള്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.