അക്ഷരസ്നേഹികള്‍ കൈകോര്‍ത്തു; സര്‍ക്കാര്‍ വിദ്യാലയം ഹൈടെക്കായി

കൊട്ടാരക്കര: അക്ഷരസ്നേഹികളും പൂര്‍വവിദ്യാര്‍ഥികളും കൈകോര്‍ത്തതോടെ പടിഞ്ഞാറ്റിന്‍കര ഗവ.യു.പി.എസ് ഹൈടെക്കായി. സ്വകാര്യവിദ്യാലയങ്ങളെ വെല്ലുന്ന അടിസ്ഥാനസൗകര്യങ്ങളാണ് അരനൂറ്റാണ്ട് പഴക്കമുള്ള ഈ വിദ്യാലയത്തില്‍ ഒരുക്കിയിട്ടുള്ളത്. ശീതീകരിച്ച ക്ലാസ് റൂമുകള്‍, ഇൻറര്‍നെറ്റ് സംവിധാനം, പ്രൊജക്ടര്‍, ക്ലാസ് റൂമുകളില്‍ സ്പീക്കര്‍, അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠനോപകരണങ്ങള്‍, നിലവാരമുള്ള ഫര്‍ണിച്ചർ അടക്കം നിരവധി സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത് . ജൈവ പച്ചക്കറി കൃഷിത്തോട്ടവും അലങ്കാര പൂന്തോട്ടവും ഒരുക്കി സ്കൂള്‍ അങ്കണത്തെ മനോഹരമാക്കിയിട്ടുണ്ട്. ക്ലാസ്മുറികളുടെ ചുമരുകളില്‍ വര്‍ണചിത്രങ്ങളും അക്ഷരമാലകളും ഒരുക്കി ക്ലാസ് റൂമുകള്‍ മനോഹരമാക്കി. സ്ഥലം എം.എല്‍.എ ഐഷാപോറ്റിയുടെ പ്രാദേശിക വികസനഫണ്ടില്‍നിന്ന് സ്കൂളിലേക്ക്‌ ഒരു ബസ്‌ കൂടി അനുവദിച്ചിട്ടുണ്ട് . പ്രഥമാധ്യാപകൻ ജി. വേണുകുമാറാണ് സ്കൂള്‍ നവീകരണത്തിന് ചുക്കാന്‍പിടിച്ചത്. സ്കൂള്‍ പി.ടി.എ, പൂർവവിദ്യാര്‍ഥികൾ, അധ്യാപകർ എന്നിവരുടെ കൂട്ടായ പരിശ്രമമാണ് ഇതിന് പിന്നിൽ. കളിക്കാനുള്ള പാര്‍ക്കി​െൻറ നിർമാണവും പൂര്‍വവിദ്യാര്‍ഥികള്‍ ഏറ്റെടുത്തിട്ടുണ്ട്. കൊട്ടാരക്കര മുനിസിപ്പാലിറ്റിതല പ്രവേശനോത്സവം ഇന്ന്‍ രാവിലെ പത്തിന് ഈ സ്കൂള്‍ അങ്കണത്തില്‍ നടക്കും. നഗരസഭാധ്യക്ഷ ബി. ശ്യാമളയമ്മ ഉദ്ഘാടനം ചെയ്യും. ബാഗുകളും കുടകളും മധുര പലഹാരങ്ങളുമായി പുത്തന്‍ കൂട്ടുകാരെ വരവേല്‍ക്കാന്‍ ഈ മാതൃക സര്‍ക്കാര്‍ വിദ്യാലയം ഒരുങ്ങിക്കഴിഞ്ഞു . അവധിക്കാലത്തിന് വിട; കുട്ടികള്‍ അക്ഷരമുറ്റത്തേക്ക് കൊട്ടാരക്കര: വേനലവധി കഴിഞ്ഞ് സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ ഇന്നുമുതല്‍ വീണ്ടും സജീവമാവുകയാണ്. വേനല്‍ക്കാലത്തെ കളിചിരികളെല്ലാം മാറ്റിെവച്ച് കുട്ടിക്കൂട്ടങ്ങള്‍ ഒരാഴ്ച മുമ്പുതന്നെ പുതിയ അധ്യയനത്തെ വരവേൽക്കാന്‍ ഒരുങ്ങിക്കഴിഞ്ഞിരുന്നു. ബാഗും കുടയും പുസ്തകങ്ങളും നോട്ട് ബുക്കുകളും മറ്റും ഒരുക്കി പുത്തനുടുപ്പും ഇട്ടാണ് കുട്ടികള്‍ സ്കൂളുകളില്‍ എത്തുക. പൊതുവിദ്യാഭ്യാസ സംരക്ഷണയത്നത്തി​െൻറ ഭാഗമായി സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളും വിദ്യാര്‍ഥികളെ വരവേൽക്കാന്‍ ഒരുങ്ങിയിട്ടുണ്ട്. അണ്‍ എയ്ഡഡ് സ്കൂളുകളെ വെല്ലുന്നതരത്തിലുള്ള സംവിധാനങ്ങള്‍ ഒരുക്കിക്കൊണ്ടാണ് പൊതുവിദ്യാലയങ്ങള്‍ അണിഞ്ഞൊരുങ്ങിയിരിക്കുന്നത്. ഡിജിറ്റല്‍ ക്ലാസ് റൂമുകളും ശീതീകരിച്ച മുറികളുമായി സ്കൂളുകള്‍ ഹൈടെക്കായി മാറിക്കഴിഞ്ഞു. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ പൊതുവിദ്യാലയങ്ങളിലേക്ക് കുട്ടികളുടെ കടന്നുകയറ്റം പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തെ ജനം ഇരുകൈയും നീട്ടി സ്വീകരിച്ചതിന് തെളിവായി മാറുകയാണ് .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.