സ്വന്തം മണ്ഡലത്തിൽ എം.എൽ.എക്ക് പാർട്ടിയുടെ കടിഞ്ഞാൺ

കിളിമാനൂർ: ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ മന്ത്രി ഉദ്ഘാടകനായ രണ്ട് ചടങ്ങുകളിലും പ്രോട്ടോകോൾ ലംഘനമുണ്ടായതായി ആരോപണം. അർഹതപ്പെട്ട സ്ഥാനത്ത് നിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് രണ്ടുചടങ്ങുകളും സ്ഥലം എം.എൽ.എ ബഹിഷ്കരിച്ചു. മടവൂർ ഗ്രാമപഞ്ചായത്തിൽ സി.പി.എം നേതൃത്വം നൽകുന്ന മടവൂർ സർവിസ് സഹകരണ ബാങ്കി​െൻറ മാവിൻമൂട് ബ്രാഞ്ചി​െൻറ ഉദ്ഘാടനമായിരുന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യാഴാഴ്ച ആദ്യം നിർവഹിച്ചത്. ഈ ചടങ്ങിൽ പ്രോട്ടോകോൾ പ്രകാരം അധ്യക്ഷനാകേണ്ട സ്ഥലം എം.എൽ.എ വി. ജോയിയെ മുൻ പ്രസിഡൻറുമാരെ ആദരിക്കൽ ചടങ്ങിലേക്ക് ഒതുക്കുകയായിരുന്നു. സി.പി.എം മുൻ ഏരിയാ കമ്മിറ്റി സെക്രട്ടറിയായ മടവൂർ അനിലാണ് ഇവിടെ അധ്യക്ഷ സ്ഥാനത്തിരുന്നത്. ഉദ്ഘാടത്തോടനുബന്ധിച്ച് നടന്ന മൂന്ന് പ്രധാന ചടങ്ങുകളിൽനിന്ന് എം.എൽ.എയെ ഒഴിവാക്കിക്കൊണ്ടാണ് ഉദ്ഘാടനം സംബന്ധിച്ച നോട്ടീസ് സംഘാടകർ തയാറാക്കിയത്. സമാനമായ സംഭവമാണ് മണ്ഡലത്തിലെ പള്ളിക്കൽ പഞ്ചായത്തിലും അരങ്ങേറിയത്. പള്ളിക്കൽ ഫാർമേഴ്സ് സർവിസ് സഹകരണ ബാങ്കി​െൻറ പുതിയ കെട്ടിടത്തി​െൻറ ഉദ്ഘാടനവും പിന്നാലെ മന്ത്രി നിർവഹിച്ചു. ഇവിടെയും എം.എൽ.എയോട് 'കടക്ക് പുറത്ത്' എന്ന സമീപനം തന്നെയായിരുന്നു സംഘാടകർക്ക്. ഇവിടെ സ്വാഗതസംഘം ചെയർമാൻ സജീബ് ബി. ഹാഷിം അധ്യക്ഷത വഹിച്ചു. എം.എൽ.എയെ വിദ്യാഭ്യാസ അവാർഡ് വിതരണത്തിനായി മാറ്റി. ഈ ചടങ്ങിൽ എം.എൽ.എയുടെ അനുഭാവികളായ നിരവധിപേർ പങ്കെടുത്തില്ല. ഏരിയാകമ്മിറ്റി അംഗവും മുൻ ബാങ്ക് പ്രസിഡൻറും ബ്ലോക്ക് മെംബറുമായി പ്രവർത്തിച്ചിരുന്ന എം.എ. റഹിം, പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഹസീന, വാർഡ് അംഗം അടക്കമുള്ളവരാണ് യോഗത്തിൽനിന്ന് വിട്ടുനിന്നത്. അതേസമയം, വൈകീട്ട് മൂന്നിന് ആറ്റിങ്ങൽ മണ്ഡലത്തിൽെപട്ട കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ മന്ത്രി പങ്കെടുത്ത ഉദ്ഘാടനചടങ്ങിൽ ജോയി എം.എൽ.എ പങ്കെടുത്തിരുന്നു. ഇവിടെ സ്ഥലം എം.എൽ.എയായ ബി. സത്യൻ ആയിരുന്നു അധ്യക്ഷൻ. നിയമസഭാ തെരഞ്ഞെടുപ്പുവേളയിൽ തന്നെ ഉണ്ടായ പാർട്ടിക്കുള്ളിലെ ചേരിപ്പോര് ഇപ്പോഴും തീർന്നിട്ടില്ല എന്നാണ് മടവൂർ, പള്ളിക്കൽ സംഭവങ്ങൾ തെളിയിക്കുന്നതെന്ന് എം.എൽ.എയുടെ അനുഭാവികൾ പറയുന്നു. അതേസമയം, എം.എൽ.എ ഫണ്ടിൽനിന്ന് 50 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച മണ്ഡലത്തിൽെപട്ട പാളയംകുന്ന് കുന്നുമ്പുറം-അരശുവിള റോഡി​െൻറ ഉദ്ഘാടനത്തിന് പോകേണ്ടി വന്നതിനാലാണ് ചടങ്ങുകളിൽ എത്താൻ കഴിയാതിരുന്നതെന്ന് എം.എൽ.എ 'മാധ്യമ'ത്തോട് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.