തിരുവനന്തപുരം: നവകേരളം കർമപദ്ധതിയുടെ ഭാഗമായി ലൈഫ്, ഹരിതകേരളം, ആർദ്രം, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം മിഷനുകളുടെ വാർഷിക അവലോകന ശിൽപശാല സംഘടിപ്പിക്കുന്നു. ആഗസ്റ്റ് രണ്ട്, മൂന്ന് തീയതികളിൽ നാലാഞ്ചിറ ഗിരിദീപം കൺവെൻഷൻ സെൻററിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് ഗ്രാമവികസന കമീഷണർ എൻ. പത്മകുമാർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അധ്യക്ഷതവഹിക്കും. 1200 തദ്ദേശഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാർ പങ്കെടുക്കും. മിഷനുകളുടെ ഭരണതല ഏകോപനം സംബന്ധിച്ച സർക്കാർ കാഴ്ചപ്പാട് ചീഫ് സെക്രട്ടറി ടോംജോസ് അവതരിപ്പിക്കും. രണ്ടിന് ഉച്ചക്ക് രണ്ടിന് ലൈഫ് മിഷൻ അവലോകനവുമായി ബന്ധപ്പെട്ട സെമിനാറിൽ മന്ത്രി കെ.ടി. ജലീൽ അധ്യക്ഷതവഹിക്കും. മന്ത്രിമാരായ എ.കെ. ബാലൻ, ടി.പി. രാമകൃഷ്ണൻ, ജെ. മേഴ്‌സിക്കുട്ടിയമ്മ എന്നിവർ വകുപ്പുതല പദ്ധതി സംയോജനത്തെക്കുറിച്ച് സംസാരിക്കും. വൈകീട്ട് 4.30ന് ഹരിതകേരളം മിഷൻ അവലോകനത്തിൽ മന്ത്രിമാരായ കെ.ടി. ജലീൽ, വി. എസ്. സുനിൽകുമാർ, മാത്യു ടി. തോമസ് എന്നിവർ സംസാരിക്കും. മിഷൻ എക്‌സിക്യൂട്ടിവ് വൈസ് ചെയർപേഴ്‌സൺ ഡോ.ടി.എൻ. സീമ അധ്യക്ഷതവഹിക്കും. ആഗസ്റ്റ് മൂന്നിന് രാവിലെ 9.30ന് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവുമായി ബന്ധപ്പെട്ട സെമിനാറിൽ മന്ത്രി സി. രവീന്ദ്രനാഥ് അധ്യക്ഷതവഹിക്കും. ആർദ്രം മിഷനുമായി ബന്ധപ്പെട്ട് 10.45ന് നടക്കുന്ന സെഷനിൽ മന്ത്രി കെ.കെ. ശൈലജ അധ്യക്ഷത വഹിക്കും. ഉച്ചക്ക് 12.55ന് മുഖ്യമന്ത്രി ക്രോഡീകരണ സന്ദേശം നൽകും. തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും ശിൽപശാല തൽസമയം കാണാം. കൈറ്റ് വിക്‌ടേഴ്‌സ് ചാനലിലൂടെയും www.victers.itschool.gov.in എന്ന വെബ്‌സൈറ്റിലൂടെയും തത്സമയം കാണാം. ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കുമുള്ള അഭിപ്രായങ്ങളും സംശയങ്ങളും webapp.ikm.gov.in/navakeralam എന്ന വെബ്‌സൈറ്റിലൂടെ അറിയിക്കാനുള്ള സൗകര്യം തദ്ദേശസ്ഥാപനങ്ങളിൽ ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.