തിരുവനന്തപുരം: ഓണം-ബക്രീദ് ആഘോഷങ്ങളുടെ ഭാഗമായി കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് സംസ്ഥാനമെങ്ങും ആരംഭിക്കുന്ന വില്‍പന മേളകള്‍ക്ക് ബുധനാഴ്ച തുടക്കം. അംഗീകൃത ഖാദി സ്ഥാപനങ്ങളുമായി ചേര്‍ന്നാണ് എല്ലാ ജില്ലകളിലും പരിപാടി സംഘടിപ്പിക്കുന്നതെന്ന് ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണ്‍ ശോഭനാ ജോർജ് വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ആഗസ്റ്റ് ഒന്നു മുതല്‍ 24 വരെ നടക്കുന്ന മേളയുടെ സംസ്ഥാനതല ഉദ്ഘാടനം ബുധനാഴ്ച വൈകീട്ട് മൂന്നിന് കനകക്കുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മന്ത്രി എ.സി മൊയ്തീന്‍ അധ്യക്ഷതവഹിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യാതിഥിയായിരിക്കും. ഖാദി ബോര്‍ഡിെൻറ പുതിയ ഉല്‍പന്നമായ 'സഖാവ് ഷര്‍ട്ടുകള്‍' മുഖ്യമന്ത്രി ഔപചാരികമായി വിപണിയിലിറക്കും. ഖാദി വസ്ത്രങ്ങള്‍ക്ക് 30 ശതമാനം റിബേറ്റോടെയാണ് മേള സംഘടിപ്പിക്കുന്നത്. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് 50,000 രൂപ വരെ ക്രെഡിറ്റ് സൗകര്യവുമുണ്ട്. ഓരോ 1000 രൂപയുടെ പര്‍ച്ചേസിനും ഒരു സമ്മാനക്കൂപ്പണ്‍ ലഭിക്കും. നറുക്കെടുപ്പിലൂടെ വിജയികളെ തെരഞ്ഞെടുക്കും. ഒന്നാം സമ്മാനമായി ഒരാള്‍ക്ക് മാരുതി വാഗൺആർ കാര്‍, രണ്ടാം സമ്മാനമായി ഒരാള്‍ക്ക് അഞ്ച് പവന്‍, മൂന്നാം സമ്മാനമായി ഒരു പവന്‍വീതം രണ്ടു പേര്‍ക്ക് എന്നിങ്ങനെ ലഭിക്കും. ഓരോ ജില്ലയിലും ആഴ്ചതോറും ഒരാള്‍ക്ക് 5000 രൂപയുടെ സമ്മാനക്കൂപ്പണും നല്‍കും. എല്ലാ തലമുറകള്‍ക്കും ആവശ്യമുള്ള വ്യത്യസ്ത ഖാദി തുണിത്തരങ്ങളും ഗ്രാമ വ്യവസായ ഉല്‍പന്നങ്ങളും വില്‍പനക്ക് സജ്ജീകരിച്ചിട്ടുണ്ട്. ഖാദി കോട്ടണ്‍, മസ്ലിന്‍, ഖാദി സില്‍ക്, സ്പണ്‍ സില്‍ക്, ഖാദി കോട്ടണിലും സില്‍ക്കിലുമുള്ള സമ്മര്‍കൂള്‍, മിലേനി, റോയല്‍ ഇന്ത്യ, ലീഡര്‍ മുതലായ ബ്രാന്‍ഡുകളില്‍ അറിയപ്പെടുന്ന റെഡിമേഡ് ഷര്‍ട്ടുകള്‍, ഗുണമേന്മയുള്ള പഞ്ഞിമെത്ത, തലയണ, കുഷ്യനുകള്‍, തേന്‍, എള്ളെണ്ണ, സോപ്പ്, നോട്ട്ബുക്ക്, അച്ചാറുകള്‍, ആയുര്‍വേദ ഔഷധങ്ങള്‍, ലോഷനുകള്‍, അഗര്‍ബത്തി, എലൈവ്, സ്റ്റാര്‍ച്ചുകള്‍ തുടങ്ങിയ ഗ്രാമവ്യവസായ ഉല്‍പന്നങ്ങളും പ്രകൃതിദത്തമായ പട്ടുനൂലില്‍ നെയ്‌തെടുക്കുന്ന ഖാദി പട്ടുസാരികളുമുള്‍പ്പെടെ മേളയിലുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.