ട്രോളിങ് നിരോധനം ഇന്ന്​ അർധരാത്രിയോടെ അവസാനിക്കും

കാവനാട്(കൊല്ലം): സംസ്ഥാനത്ത് ഒന്നരമാസത്തിലേറെയായി തുടരുന്ന മൺസൂൺ കാല ട്രോളിങ് നിരോധനം ചൊവ്വാഴ്ച അർധരാത്രിയോടെ അവസാനിക്കും. മത്സ്യ ബന്ധനത്തിനായി കടലിൽ പോകാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി കാത്തിരിപ്പിലാണ് തൊഴിലാളികൾ. സംസ്ഥാനത്തെ 3800 ഓളം ബോട്ടുകളാണ് 31ന് അർധരാത്രിയോടെ ചാകരക്കോള് തേടി കടലിലേക്ക് കുതിക്കുക. ബുധനാഴ്ച പുലർച്ചയോടെ ഹാർബറുകൾ വീണ്ടും സജീവമാകും. ഹാർബറുകളിൽ അറ്റകുറ്റപ്പണികളും പൂർത്തിയായിവരുന്നു. ജൂൺ ഒമ്പതിനാണ് ട്രോളിങ് നിരോധനം ആരംഭിച്ചത്. മുൻവർഷങ്ങളിൽ 47 ദിവസമായിരുന്നു നിരോധനമെങ്കിൽ ഇത്തവണ 52 ദിവസമായിരുന്നു. ശക്തമായ മഴ കിട്ടിയതിനാൽ കൂടുതൽ മത്സ്യം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മത്സ്യമേഖല. ട്രോളിങ് നിരോധന കാലത്ത് മിക്കവാറും പേർ പണം കടം വാങ്ങിയും മറ്റുമാണ് നിത്യവൃത്തി കഴിച്ചിരുന്നതെന്നും ഇനിയുള്ള ദിനങ്ങളിൽ കടലമ്മ കനിയുമെന്ന വിശ്വാസത്തിലാണെന്നും മത്സ്യത്തൊഴിലാളികൾ പ്രത്യാശ പ്രകടിപ്പിച്ചു. നിരോധനകാലയളവിൽ അറ്റകുറ്റപ്പണികൾ നടത്തിയ ബോട്ടുകൾ മത്സ്യബന്ധനത്തിന് പോകാനായി കൊല്ലത്ത് നീണ്ടകര പാലത്തിന് കിഴക്ക് വശം അഷ്ടമുടിക്കായലിൽ നിർത്തിയിട്ടിരിക്കുകയാണ്. ചൊവ്വാഴ്ച രാത്രി 12ന് നീണ്ടകരപാലത്തിന് താഴെ തൂണുകളിൽ ബന്ധിച്ചിരിക്കുന്ന ചങ്ങല ഫിഷറീസ് അധികൃതർ മാറ്റുന്നതോടെ ചാകര പ്രതീക്ഷയിൽ ബോട്ടുകൾ കടലിലേക്ക് തിരിക്കും. മറ്റ് മേഖലകളെപ്പോലെ മത്സ്യബന്ധനമേഖലയിലും ഇതരസംസ്ഥാന തൊഴിലാളികൾ ധാരാളമുണ്ട്. ഇവർ നാട്ടിൽ നിന്ന് ദിവസങ്ങൾക്ക് മുേമ്പതന്നെ ഹാർബറുകളിൽ എത്തിത്തുടങ്ങിയിരുന്നു. ബോട്ടുകളിൽ ഡീസൽ നിറയ്ക്കലും ഐസ് ശേഖരണവും ആരംഭിച്ചു. സുരക്ഷാകേന്ദ്രങ്ങളിലായിരുന്ന മത്സ്യബന്ധന ഉപകരണണങ്ങളും തിരികെ ബോട്ടുകളിൽ കയറ്റിത്തുടങ്ങി. വലകളുടെയും മറ്റും അറ്റകുറ്റപ്പണികൾ നേരത്തേ ആരംഭിച്ചിരുന്നു.1200 ഓളം ബോട്ടുകളാണ് ശക്തികുളങ്ങര-നീണ്ടകര ഹാർബറുകളിൽ നിന്ന് മാത്രം മത്സ്യബന്ധനത്തിന് പോകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.