തിരുവനന്തപുരം: സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയെക്കുറിച്ചുള്ള ലേഖനം പ്രസിദ്ധീകരിച്ചതിെൻറ പേരിൽ 'ഗ്രന്ഥാലോകം' പത്രാധിപസ്ഥാനത്ത് നിന്ന് കവി രമേശനെ പുറത്താക്കിയതിൽ പുരോഗമന കലാസാഹിത്യ സംഘത്തിലും(പു.ക.സ) പ്രതിഷേധം പുകയുന്നു. സ്വദേശാഭിമാനിയെക്കുറിച്ചുള്ള വിമർശനത്തെ നിഷ്കരുണം തള്ളിക്കളയാനാവില്ലെന്നാണ് പൊതുഅഭിപ്രായം. അയ്യങ്കാളി പുലയക്കുട്ടികളുടെ സ്കൂൾ പ്രവേശനത്തിന് പോരാടിയപ്പോൾ രാമകൃഷ്ണപിള്ള സവർണർക്കൊപ്പമായിരുന്നെന്ന ചെറായി രാമദാസിെൻറയും ബി.ആർ.പി. ഭാസ്കറുടെയും വിമർശനത്തെ തള്ളാനാവില്ലെന്ന് കെ.ഇ.എൻ 'മാധ്യമ'ത്തോട് പറഞ്ഞു. ഗവേഷണാത്മക വിവരങ്ങൾ പുറത്തുവരുമ്പോൾ അതിനെ തടയാതെ സൈദ്ധാന്തികസംവാദത്തിന് തയാറാകണമെന്നും അദ്ദേഹം സൂചിപ്പിച്ചു. ബ്രിട്ടീഷുകാർ ദലിത് കുട്ടികളുടെ സ്കൂൾ പ്രവേശനത്തിന് ഉത്തരവ് നൽകിയപ്പോഴാണ് രാമകൃഷ്ണപിള്ള എതിർത്തത്. അന്നത്തെ പുരോഗമനവാദികൾ അയ്യങ്കാളിക്കൊപ്പമായിരുന്നു. എന്നാൽ, 'കുതിരയെയും പോത്തിനെയും ഒരേ നുകത്തിൽ കെട്ടാനാവില്ലെ'ന്നാണ് രാമകൃഷ്ണപിള്ള അഭിപ്രായപ്പെട്ടത്. രാമകൃഷ്ണപിള്ളയെക്കുറിച്ചുള്ള വ്യക്തിപരമായ വിമർശനമായിട്ടല്ല, സമുദായത്തിെൻറ അഭിമാനപ്രശ്നമായിട്ടാണ് തിരുവനന്തപുരത്തെ പല നേതാക്കളും ഇതിനെ വിലയിരുത്തുന്നതെന്നും ആക്ഷേപമുണ്ട്. ഇക്കാര്യത്തിലും സംവാദത്തിനുള്ള സാധ്യതപോലും അടക്കുകയാണ് ഇക്കൂട്ടർ. പു.ക.സ നേതാക്കളിൽ പലരും ഇപ്പോഴും രാജഭക്തി പുണ്യമായി കരുതുന്നവരാണ്. സ്വാതന്ത്ര്യം ലഭിച്ച് ജനാധിപത്യവ്യവസ്ഥയിൽ സെക്രട്ടേറിയറ്റ് രൂപംകൊണ്ടിട്ടും അവിടം പഴയ കൊട്ടാരമായാണ് കാണുന്നത്. രാഷ്ട്രീയമേൽക്കോയ്മയുടെ സ്വഭാവം അവർ പലപ്പോഴും പ്രകടിപ്പിക്കുകയും ചെയ്യുന്നു. കാൾ മാക്സിനെ ഇന്ത്യക്കാർക്ക് പരിചയപ്പെടുത്തിയത് ഗദ്ദർ പാർട്ടിയുടെ സ്ഥാപകരിലൊരാളും ഇന്ത്യയുടെ സ്വാതന്ത്ര്യസമര നേതാക്കളിലൊരാളുമായിരുന്ന ലാലാ ഹർദയാലാണെന്ന മുതിർന്ന എഴുത്തുകാരനായ രാമചന്ദ്രെൻറ ലേഖനം ചൊടിപ്പിച്ചത് പണ്ഡിതന്മാരുടെ ജാതികോയ്മയെയാണ്. ഇവരാണ് നാഷനൽ ബുക് സ്റ്റോറിെൻറ തിരുവനന്തപുരം ബ്രാഞ്ചിൽനിന്ന് 'സ്വദേശാഭിമാനി രാമകൃഷ്ണപിള്ള ക്ലാവ് പിടിച്ച കാപട്യം' എന്ന പുസ്തകം പിൻവലിപ്പിച്ചതെന്ന് പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത നേതാവ് പറഞ്ഞു. പുസ്തകത്തിന് അവതാരിക എഴുതിയതും പ്രകാശനം ചെയ്തതും പ്രഫ. എം.കെ. സാനുവാണ്. അഡ്വ. െസബാസ്റ്റ്യൻ പോളാണ് പുസ്തകം ഏറ്റുവാങ്ങിയത്. സ്വദേശാഭിമാനിയുടെ വിഗ്രഹം ഉടയാൻ പോവുകയാണെന്ന് അവതാരികയിൽ സാനു വ്യക്തമാക്കിയിരുന്നു. ദലിതനായ രമേശനെതിരെ പു.ക.സയിലെ സവർണലോബിയാണ് പ്രവർത്തിച്ചതെന്നാണ് ആരോപണം. എൻ.ബി.എസിെൻറ ഡയറക്ടർ ബോർഡ് യോഗത്തിൽ പുസ്തകം പിൻവലിച്ചത് വിഷയമാവും. -ആർ. സുനിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.