തിരുവനന്തപുരം: റേഷൻ കാർഡിനുള്ള അപേക്ഷകൾ ഓൺലൈനായി സ്വീകരിക്കുന്ന സംവിധാനം ആഗസ്റ്റ് നാലുമുതൽ സംസ്ഥാനവ്യാപകമായി നടപ്പാക്കുമെന്ന് മന്ത്രി പി. തിലോത്തമൻ അറിയിച്ചു. ചൊവ്വാഴ്ച മുതൽ തിരുവനന്തപുരം ജില്ല പൂർണമായി ഓൺലൈൻ സംവിധാനത്തിലേക്ക് മാറും. ജൂലൈ17 മുതൽ തിരുവനന്തപുരം നോർത്ത്, ചിറയിൻകീഴ് താലൂക്കുകളിൽ പൈലറ്റായി ഓൺലൈൻ സംവിധാനം നടപ്പാക്കിയിരുന്നു. ഇത് വിജയകരമായതോടെയാണ് സംസ്ഥാനവ്യാപകമാക്കാൻ തീരുമാനിച്ചത്. സ്വന്തമായി ഇൻറർനെറ്റ് സൗകര്യമുള്ളർക്ക് സൗജന്യമായും അല്ലാത്തവർക്ക് അക്ഷയകേന്ദ്രങ്ങൾ വഴിയും ഓൺ ലൈനായി അപേക്ഷ സമർപ്പിക്കാം. പുതിയ കാർഡുകൾക്കുള്ള അപേക്ഷ, തിരുത്തൽ, കൂട്ടിച്ചേർക്കൽ, കാർഡുകൾ സറണ്ടർ ചെയ്യൽ തുടങ്ങിയ സേവനങ്ങൾക്ക് ഓൺലൈനായി അപേക്ഷിക്കാം. അക്ഷയകേന്ദ്രങ്ങൾക്ക് പരമാവധി ഈടാക്കാവുന്ന ഫീസ് 50 രൂപയാണ്. താലൂക്ക് സപ്ലൈ ഓഫിസുകളിൽ നൽകിയ അപേക്ഷകളിലും ഉടനടി തീർപ്പ് കൽപ്പിക്കുമെന്ന് മന്ത്രി വാർത്തക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.