ഇരവിപുരം: മുണ്ടക്കൽ മുതൽ താന്നിവരെയുള്ള ഇരവിപുരം തീരപ്രദേശത്ത് കടൽകയറ്റം ശക്തം. കടൽകയറ്റത്തിൽെപട്ട് തീരപ്രദേശത്തെ നിരവധി വീടുകളിൽ വെള്ളം കയറി. കടൽകയറ്റം തടയാൻ അടിയന്തരനടപടികൾ ആവശ്യപ്പെട്ട് കാക്കതോപ്പിൽ തഹസിൽദാരെയും താന്നി ഫിഷർമെൻ കോളനിക്കടുത്ത് ഇരവിപുരം വില്ലേജ് ഓഫിസെറയും പ്രദേശവാസികൾ മണിക്കൂറുകളോളം തടഞ്ഞുവെച്ചു. ജില്ലകലക്ടറും വൻ പൊലീസ് സംഘവും എത്തിയാണ് തഹസിൽദാർ ടി.ആർ. അഹമ്മദ് കബീറിനെയും സംഘെത്തയും മോചിപ്പിച്ചത്. താന്നിയിൽ എം. നൗഷാദ് എം.എൽ.എ എത്തി പ്രദേശവാസികളുമായി ചർച്ച നടത്തിയാണ് ഇരവിപുരം വില്ലേജ് അധികൃതരെ മോചിപ്പിച്ചത്. ശക്തമായ വേലിയേറ്റത്തെ തുടർന്നാണ് കളീക്കൽ കാക്കതോപ്പ് മുതൽ താന്നിവരെ വീടുകളിൽ വെള്ളം കയറിയത്. കടൽഭിത്തികൾക്ക് മുകളിലൂടെ അടിച്ചുകയറിയ തിരമാലകൾ തീരദേശറോഡ് തോടാക്കി മാറ്റി. ഏതാനും ദിവസമായി വേലിയേറ്റം തുടർന്നിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തരനടപടികൾ ഉണ്ടാകാത്തതിനാലാണ് തീരദേശവാസികൾ തഹസിൽദാർ ഉൾപ്പടെയുള്ള റവന്യൂസംഘത്തെ മണിക്കൂറുകളോളം തടഞ്ഞുവെച്ചത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ജില്ല കലക്ടർ ഇരവിപുരം ഇടവക വികാരിയോടും പ്രദേശവാസികളോടും വിവരങ്ങൾ ചോദിച്ചറിയുകയും കടൽകയറ്റപ്രദേശങ്ങൾ നടന്നുകാണുകയും ചെയ്തു. തുടർന്ന് ഇറിഗേഷൻ വകുപ്പിലെ എൻജിനീയറെ വിളിച്ചുവരുത്തുകയും രണ്ടാഴ്ചക്കകം പ്രദേശത്ത് കടലാക്രമണം തടയുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകുകയും ചെയ്തു. താന്നിയിൽ വീടുകളിലേക്ക് തിരമാലകൾ അടിച്ചുകയറുന്നുവെന്നറിഞ്ഞെത്തിയ ഇരവിപുരം വില്ലേജ് ഓഫിസർ ഹരീഷ്, അസി.വില്ലേജ് ഓഫിസർ തോമസ്കുട്ടി എന്നിവരടങ്ങുന്ന സംഘത്തെ നാട്ടുകാർ തടഞ്ഞുവെക്കുകയായിരുന്നു. മൂന്നുമണിക്കൂറിലേറെയായി ഇവരെ നാട്ടുകാർ തടഞ്ഞുവെച്ചിരിക്കുന്നതായി അറിഞ്ഞെത്തിയ എം. നൗഷാദ് എം.എൽ.എ തീരവാസികളുമായി സംസാരിക്കുകയും കലക്ടർ സ്ഥലം സന്ദർശിക്കാനെത്തുമെന്നും വിഷയം അധികൃതരുടെ ശ്രദ്ധയിൽെപടുത്താമെന്നും നാട്ടുകാർക്ക് ഉറപ്പുകൊടുത്തു. തുടർന്ന് റവന്യൂസംഘത്തെ നാട്ടുകാർ വിട്ടയക്കുകയുമായിരുന്നു. തീരപ്രദേശത്ത് താമസിക്കുന്നവർക്ക് വീടും സ്ഥലവും വാങ്ങുന്നതിന് ഫിഷറീസ് വകുപ്പ് 10 ലക്ഷം അനുവദിക്കുന്നുണ്ടെങ്കിലും മത്സ്യത്തൊഴിലാളികൾക്ക് മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളൂ. മത്സ്യത്തൊഴിലാളികൾ അല്ലാത്തവരും തീരത്ത് സ്വന്തം സ്ഥലത്ത് വീടുെവച്ചുതാമസിക്കുന്നുണ്ട്. ഇവരാണ് ഇപ്പോൾ വെട്ടിലായിരിക്കുന്നത്. കടലാക്രമണത്തിൽ വലയുന്ന കുടുംബങ്ങൾക്കായി താന്നിയിലും ഇരവിപുരത്തും ദുരിതാശ്വാസ ക്യാമ്പ് തുറക്കാൻ അധികൃതർ തീരുമാനിച്ചെങ്കിലും ക്യാമ്പിലേക്ക് പോകാൻ പല കുടുംബങ്ങളും തയാറാകാത്തതിനാൽ അടിയന്തരസാഹചര്യമുണ്ടായാൽ ക്യാമ്പ് തുറക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് കൊല്ലം തഹസിൽദാർ അഹമ്മദ് കബീർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.