തഴവ: ആദിത്യ വിലാസം ഗവ. എല്‍.പി സ്‌കൂളിനെതിരായ കുപ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് കെ.എസ്.ടി.എ സബ്ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. സ്‌കൂള്‍ വിദ്യാര്‍ഥിനിയെ രണ്ടാനമ്മ പൊള്ളലേല്‍പ്പിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് സ്‌കൂളിനും അധ്യാപകർക്കും എതിരെ തെറ്റായ വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും പ്രചരിപ്പിക്കുന്നത്. സ്‌കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടിയുടെ ശരീരത്ത് പൊള്ളലേറ്റ അടയാളങ്ങള്‍ ക്ലാസ് ടീച്ചറുടെ ശ്രദ്ധയില്‍പെട്ടപ്പോള്‍തന്നെ പ്രധാനാധ്യാപികയെ വിവരം അറിയിച്ചു. അവർ ഉന്നത വിദ്യാഭ്യാസ ഓഫിസര്‍മാര്‍, പൊലീസ്, ചൈല്‍ഡ് ലൈന്‍ അധികൃതര്‍ തുടങ്ങിയവരെയല്ലാം വിവിരം അറിയിക്കുകയും ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യത്തില്‍ ഒരു വീഴ്ചയും ഉണ്ടായിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് സ്‌കൂളിലെ അധ്യാപകരെ ആരും പുറത്താക്കിയിട്ടുമില്ല. ജില്ലയിലെ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന ഈ സര്‍ക്കാര്‍ വിദ്യാലയത്തെ തകര്‍ക്കാന്‍ ചിലര്‍ നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമായാണ് ഇത്തരം കുപ്രചാരണങ്ങളെന്നും കമ്മിറ്റി പറഞ്ഞു. പ്രതിഷേധയോഗത്തില്‍ ജില്ല വൈസ് പ്രസിഡൻറ് എം.എസ്. ഷിബു, ജില്ലാ എക്‌സിക്യൂട്ടിവ് അംഗം എ.എ. സമദ്, ജില്ല കമ്മിറ്റി അംഗങ്ങളായ കെ. രാജീവ്, എല്‍.എസ്. ജയകുമാര്‍, എന്‍.കെ. ലേഖാകുമാരി, സബ്ജില്ല പ്രസിഡൻറ് എല്‍.കെ. ദാസന്‍, സെക്രട്ടറി കെ. ശ്രീകുമാരന്‍പിള്ള എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.