തിരുവനന്തപുരം: കേന്ദ്ര സർക്കാറിനെതിരെ 'ഭാരത് ബച്ചാവോ' മുദ്രവാക്യമുയർത്തി യൂത്ത് കോൺഗ്രസ് നടത്തിയ രാജ്ഭവൻ മാർച്ച് അക്രമാസക്തം. പൊലീസ് ചാത്തിച്ചാർജിലും കണ്ണീർവാതക പ്രയോഗത്തിലും സംസ്ഥാന ഉപാധ്യക്ഷൻ സി.ആർ. മഹേഷ്, സംസ്ഥാന ജനറൽ സെക്രട്ടറി ജി. ലീന എന്നിവരടക്കം ഇരുപതോളം പ്രവർത്തകർക്ക് പരിക്കേറ്റു. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു ചൊവ്വാഴ്ച മ്യൂസിയം വളപ്പിൽനിന്ന് നൂറുകണക്കിന് പ്രവർത്തകർ അണിനിരന്ന ജാഥ രാജ്ഭവന് സമീപം പൊലീസ് ബാരിക്കേഡുപയോഗിച്ച് തടഞ്ഞു. സംസ്ഥാന പ്രസിഡൻറ് ഡീൻ കുര്യാക്കോസ് അടക്കമുള്ളവർ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. മാർച്ച് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനം കഴിഞ്ഞ ഉടൻ പ്രവർത്തകർ ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിന് ഇടയാക്കിയത്. ബാരിക്കേഡും മറികടന്ന് മുന്നോട്ട് പോകാൻ ശ്രമിച്ചവർക്ക് നേരെ പൊലീസ് ലാത്തി വീശി. പൊലീസ് ഏഴ് റൗണ്ട് കണ്ണീർവാതകം പ്രയോഗിച്ചു. ചിതറിയോടിയവരെ വെള്ളയമ്പലം അയ്യങ്കാളി സ്ക്വയറിനു സമീപം നിലയുറച്ച പൊലീസുകാർ തല്ലിയത് വീണ്ടും സംഘർഷത്തിനിടയായി. തുടർന്ന് സംസ്ഥാന പ്രസിഡൻറ് ഡീൻ കുര്യാക്കോസടക്കം പതിനാറുപേരെ അറസ്റ്റ് ചെയ്തുനീക്കി. ഇവരെ പിന്നീട് ജാമ്യത്തിൽവിട്ടു. യൂത്ത് കോൺഗ്രസ് അഖിലേന്ത്യ ഉപാധ്യക്ഷൻ ബി.വി. ശ്രീനിവാസ്, യൂത്ത് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി രവീന്ദ്രദാസ് തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.