* മൃഗസംരക്ഷണവകുപ്പ് പ്രേത്യക സംഘത്തെ നിയോഗിച്ചു കാട്ടാക്കട: കാട്ടാക്കട പഞ്ചായത്തില്‍ ആട് വസന്ത വ്യാപകം. ഇതിനകം അമ്പതോളം ആടുകൾ ചത്തു. ഒരാഴ്ച മുമ്പാണ് പ്രദേശത്തെ ആടുകള്‍ക്ക് രോഗലക്ഷണം കണ്ടുതുടങ്ങിയത്. രോഗം സ്ഥിരീകരിച്ചതോടെ മൃഗസംരക്ഷണവകുപ്പ് പ്രത്യേക സംഘത്തെ കാട്ടാക്കടയിലേക്ക് നിയോഗിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഉൗർജിതമാക്കിയതായി അധികൃതര്‍ അറിയിച്ചു. രോഗം വ്യാപിക്കുന്നത് കർഷകരിൽ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. പെസ്റ്റിഡെസ് പെറ്റിസ് റൂമിനൻറ്സ് (പി.പി.ആര്‍) എന്ന രോഗമാണ് 'ആട് വസന്ത' എന്നറിയപ്പെടുന്നത്. പാരാമിക്സോ വൈറിനെ കുടുംബത്തിലെ മോര്‍ബിലി വൈറസുകളാണ് മാരകമായ ഈ രോഗം ആടുകളില്‍ പകര്‍ത്തുന്നത്. കുരുതംകോട്, ചെമ്പനാകോട്, കിള്ളി അമ്പലത്തിന്‍കാല പ്രദേശത്ത് നിരവധി ആടുകള്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് കാട്ടാക്കട പഞ്ചായത്തിലെ 21 വാര്‍ഡുകളിലായി മുന്നൂറോളം ആട്ടിന്‍കുട്ടികളെ വിതരണം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ആടുവസന്തയും പടര്‍ന്നുപിടിച്ചത്. അതേസമയം, ഗുണഭോക്താക്കള്‍ക്ക് നൽകിയ ആട്ടിന്‍കുട്ടികള്‍ മികച്ച ഇനത്തിൽപെട്ടതെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്. എന്നാല്‍, തീറ്റപോലും എടുക്കാനാകാത്ത വിധം ശോഷിച്ച നിലയിലുള്ള ആട്ടിന്‍കുട്ടികളെയാണ് ഗുണഭോക്താക്കള്‍ക്ക് ലഭിച്ചതെന്ന് വിതരണദിവസം മുതല്‍ തന്നെ പരാതി ഉയര്‍ന്നിരുന്നു. ഇതാണ് പെെട്ടന്ന് ആട് വസന്ത വ്യാപകമാകാൻ കാരണമെന്നും ആക്ഷേപമുണ്ട്. വിതരണം ചെയ്ത ആടുകളെ അന്യസംസ്ഥാനത്ത് നിന്നാണ് എത്തിച്ചതെന്നാണ് കാട്ടാക്കടയിലെ പ്രധാന ആടുവ്യാപാരികള്‍ പറയുന്നത്. ഇവ ഇവിടത്തെ കാലാവസ്ഥക്ക് ഇണങ്ങുന്നതല്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഗുണഭോക്താവില്‍ നിന്നും 4400 രൂപ ഈടാക്കിയാണ് രണ്ട് ആട്ടിന്‍കുട്ടികള്‍ വീതം വിതരണം ചെയ്തത്. ഒരു ജോടി ആട്ടിന്‍കുട്ടികള്‍ക്ക് 8000 രൂപ നല്‍കി പുതുപ്പള്ളിയിലെ ആട് ഫാമില്‍ നിന്നാണ് ആട്ടിന്‍കുട്ടികളെ വാങ്ങിനല്‍കിയതെന്നാണ് അധികൃതരുടെ ഭാഷ്യം. പകുതിയിലേറെ വാര്‍ഡുകളിലും ആടുവിതരണം പൂര്‍ത്തിയായതിനുപിന്നാലെയാണ് രോഗം വ്യാപകമായത്. തെക്കന്‍ മലയോര മേഖലയിലെ പ്രധാന ആടു വളര്‍ത്തല്‍ വിൽപന കേന്ദ്രമാണ് കാട്ടാക്കട പ്രദേശം. ആടുകള്‍ക്ക് രോഗം ബാധിച്ചുതുടങ്ങിയതോടെ ആടുവളര്‍ത്തല്‍ കര്‍ഷകരും കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.