അക്ഷരശ്രീ: നഗരസഭവാര്‍ഡുകളില്‍ സര്‍വേ നടന്നു

തിരുവനന്തപുരം: നഗരസഭയിലെ നിരക്ഷരരെ കണ്ടെത്തി സാക്ഷരരാക്കുക, തുടര്‍വിദ്യാഭ്യാസം നല്‍കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ സംസ്ഥാന സാക്ഷരത മിഷനും നഗരസഭയും ചേര്‍ന്ന് നടപ്പാക്കുന്ന 'അക്ഷരശ്രീ' സാക്ഷരത-തുടര്‍വിദ്യാഭ്യാസ പദ്ധതി സര്‍വേ നടന്നു. നഗരത്തിലെ 2,23,815 വീടുകളിലാണ് സര്‍വേ പൂര്‍ത്തിയാക്കിയത്. ബാക്കിയുള്ള വീടുകളില്‍ സര്‍വേ നടപടികള്‍ രണ്ട് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. നഗരപരിധിയിലെ വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍, സാക്ഷരത മിഷ​െൻറ തുല്യത പഠിതാക്കള്‍, ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്, തുടര്‍വിദ്യാഭ്യാസ പദ്ധതിയിലെ പഠിതാക്കള്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിങ്ങനെ മൊത്തം 14,318 പേര്‍ സര്‍വേ വളൻറിയര്‍മാരായി. സര്‍വേയുടെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. തിരുവനന്തപുരം നഗരസഭയില്‍ തുടക്കം കുറിച്ച അക്ഷരപദ്ധതി സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുന്നതോടെ കേരളത്തില്‍ അക്ഷരം അറിയാത്ത ഒരാളുമുണ്ടാവില്ലെന്ന് അദ്ദേഹം പറഞ്ഞു. നിരക്ഷരതയുടെ തുരുത്തുകള്‍ ഇനി അവശേഷിക്കാന്‍ പാടില്ല. അതിനുള്ള പ്രതിജ്ഞാബദ്ധമായ പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പാക്കി വരുന്നതെന്ന് അദ്ദേഹം പറഞ്ഞു. സര്‍വേയില്‍ കണ്ടെത്തുന്ന നിരക്ഷരര്‍ക്ക് ആഗസ്റ്റ് 15ന് സാക്ഷരത ക്ലാസുകള്‍ ആരംഭിക്കും. ഒരു വാര്‍ഡില്‍ 25 പേര്‍ വീതം നഗരസഭയിലാകെ 2500 പേര്‍ക്കാണ് ക്ലാസ്. മൂന്നു മാസത്തെ സാക്ഷരത ക്ലാസിന് ശേഷം പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് നാലാംതരം തുല്യത കോഴ്‌സില്‍ ചേരാം. ആറുമാസമാണ് കോഴ്‌സി​െൻറ കാലാവധി. തുടര്‍ന്ന് ഹയര്‍ സെക്കന്‍ഡറി തുല്യത വരെ സൗജന്യമായി പഠിക്കാനുള്ള അവസരമാണ് ഒരുക്കുന്നത്. 10ാംതരം, ഹയർ സെക്കന്‍ഡറി തുല്യത കോഴ്‌സുകളുടെ അടുത്ത ബാച്ചില്‍ 'അക്ഷരശ്രീ' പദ്ധതി പ്രകാരം 1500 പേര്‍ക്ക് 10ാംതരം തുല്യത കോഴ്‌സും 1000 പേര്‍ക്ക് ഹയര്‍ സെക്കന്‍ഡറി തുല്യത കോഴ്‌സും ആരംഭിക്കും. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ലൈബ്രറികള്‍, മറ്റു പൊതുസ്ഥാപനങ്ങളുടെ ഭൗതിക സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തിയായിരിക്കും സാക്ഷരത-തുല്യത ക്ലാസുകള്‍ സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പദ്ധതി ആരംഭിക്കുന്നതിന് മുന്നോടിയായാണ് തിരുവനന്തപുരം നഗരസഭയില്‍ ആരംഭിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.