വളച്ചൊടിച്ച ചരിത്രം മാരകായുധങ്ങ​െളക്കാൾ അപകടകരം -ഗവർണർ

തിരുവനന്തപുരം: ചരിത്രം വളച്ചൊടിച്ച് തലമുറകളെ തെറ്റിദ്ധരിപ്പിക്കുന്നത് സംഹാരശേഷിയുള്ള ആയുധങ്ങെളക്കാൾ അപകടകരമാണെന്ന് ഗവർണർ ജസ്റ്റിസ് പി. സദാശിവം. കേരള ചരിത്രഗവേഷണ കൗൺസിലിൽ(കെ.സി.എച്ച്.ആർ) സംഘടിപ്പിച്ച 'പണ്ഡിത ആദരം' പരിപാടിയിൽ ചരിത്രകാരന്മാരായ പ്രഫ. ടി.കെ. രവീന്ദ്രൻ, പ്രഫ. എം.ജി.എസ്. നാരായണൻ, പ്രഫ. കെ.എൻ. പണിക്കർ എന്നിവരെ ആദരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പല വിദ്യാർഥികൾക്കും സ്‌കൂൾതലത്തിലെ ചരിത്രപഠനശേഷം അവശേഷിക്കുന്ന കാലം അധികാരതാൽപര്യങ്ങൾക്കുവേണ്ടി ചരിത്രം വളച്ചൊടിക്കുന്നവരുടെ വ്യാഖ്യാനം മനസ്സിലാക്കി ജീവിക്കേണ്ടിവരുന്നു. അതുകൊണ്ട്, അധ്യാപകർക്ക് ചരിത്രപഠനത്തിന് ദിശാബോധം നൽകാൻ ചരിത്ര ഗവേഷണ കൗൺസിൽ പോലുള്ള ഗവേഷണസ്ഥാപനങ്ങൾ ശ്രദ്ധിക്കണം. കോളജുതലത്തിലെത്തുന്ന വിദ്യാർഥികൾക്ക് അടിസ്ഥാനതലത്തിൽ പഠിച്ച പല കെട്ടുകഥകളും തിരുത്തി മനസ്സിലാക്കേണ്ടിവരും. ഒളിഞ്ഞുകിടക്കുന്ന ചരിത്രസത്യം പുറത്തെത്തിക്കാൻ സാങ്കേതികവിദ്യ സഹായിക്കുന്നുണ്ട്. ചരിത്ര ഗവേഷണ കൗൺസിൽ ഡിജിെറ്റെസേഷൻ നടപടികളുമായി മുന്നോട്ടുപോകുന്നതിൽ സന്തോഷമുണ്ട്. 'ഹെറിറ്റേജ് അറ്റ്‌ലസ്' തയാറാക്കാനുള്ള കൗൺസിൽ നടപടി ദീർഘവീക്ഷണത്തോടെയുള്ളതാണ്. ഇക്കാര്യത്തിൽ അക്കാദമിക സഹകരണം നൽകാൻ എല്ലാ സർവകലാശാലകളോടും ചാൻസലർ എന്ന നിലയിൽ താൻ അഭ്യർഥിക്കുമെന്നും ഗവർണർ പറഞ്ഞു. എം.ജി.എസ്. നാരായണൻ, കെ.എൻ. പണിക്കർ എന്നിവരെ ഗവർണർ പൊന്നാടയണിയിച്ച് ഉപഹാരം നൽകി ആദരിച്ചു. പ്രഫ. ടി.കെ. രവീന്ദ്രനുവേണ്ടി മകൻ രാജീവ് ആദരം ഏറ്റുവാങ്ങി. മന്ത്രി സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. പ്രഫ. സുരേഷ് ജ്ഞാനേശ്വരൻ, പ്രഫ. കേശവൻ വെളുത്താട്ട്, പ്രഫ. കെ.എൻ. ഗണേശ് എന്നിവർ ആദരപത്രം വായിച്ചു. കെ. മുരളീധരൻ എം.എൽ.എ, ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഉഷ ടൈറ്റസ്, കെ.സി.എച്ച്.ആർ ചെയർമാൻ ഡോ. പി.കെ. മൈക്കിൾ തരകൻ, ഡയറക്ടർ ഹരിത വി. കുമാർ എന്നിവർ സംസാരിച്ചു. മൂന്ന് ചരിത്രകാരന്മാരുടെ അക്കാദമിക സംഭാവനകളെക്കുറിച്ച് സെമിനാർ സംഘടിപ്പിച്ചു. പ്രഫ. സുരേഷ് ജ്ഞാനേശ്വരൻ, പ്രഫ. കേശവൻ വെളുത്താട്ട്, പ്രഫ. കെ.എൻ. ഗണേശ് എന്നിവർ പ്രബന്ധം അവതരിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.