കേരള ടൂറിസം എച്ച്.ആര്‍ പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്തു തിരുവനന്തപുരം: സംസ്ഥാനത്തെ വിനോദസഞ്ചാരമേഖലയില്‍ മൂന്നുവര്‍ഷത്തിനകം അഞ്ചു ലക്ഷത്തോളം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവല്‍ സ്റ്റഡീസ് (കിറ്റ്‌സ്) ആരംഭിച്ച കേരള എച്ച്.ആര്‍ പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടൂറിസം രംഗത്ത് ഗുണനിലവാരമുള്ള വിദ്യാഭ്യാസവും പരിശീലനവും നല്‍കുന്നതിനൊപ്പം തൊഴില്‍ദാതാക്കളെയും അന്വേഷകരെയും ബന്ധിപ്പിക്കുകയും ഇൗ മേഖലയിലെ തൊഴിലവസരങ്ങള്‍ ഒരു കുടക്കീഴിലാക്കുകയും ചെയ്യുകയെന്ന ഉദ്ദേശത്തിലാണ് www.tourismcarriers.in എന്ന എച്ച്.ആര്‍ പോര്‍ട്ടല്‍ കിറ്റ്‌സ് ആരംഭിക്കുന്നത്. സംസ്ഥാനത്ത് ടൂറിസം വളര്‍ച്ചയുടെ പാതയിലാണ്. മാന്ദ്യം ഇല്ലാതാക്കാനും നവീന ആശയങ്ങള്‍ കൊണ്ടുവരാനും കഴിഞ്ഞു. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള പ്രധാന ടൂറിസം കേന്ദ്രങ്ങളെല്ലാം വികസിപ്പിക്കാൻ നടപടികള്‍ സ്വീകരിച്ചുവരികയാണ്. 300 കോടിയിലധികം ചെലവുവരുന്ന റിവര്‍ ക്രൂയിസ് പദ്ധതി മലബാറിനെ ലോക ടൂറിസം ഭൂപടത്തില്‍ ശ്രദ്ധേയമാക്കാൻ നിര്‍ണായക പങ്കുവഹിക്കുമെന്നും മന്ത്രി പറഞ്ഞു. കിറ്റ്‌സ് ഡയറക്ടര്‍ ഡോ. രാജശ്രീ അജിത്ത് സ്വാഗതം പറഞ്ഞു. വി.എസ്. ശിവകുമാര്‍ എം.എല്‍.എ അധ്യക്ഷതവഹിച്ചു. ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്, കിറ്റ്‌സ് ഗവേണിങ് ബോഡി അംഗവും ഐ.എം.ജി ഡയറക്ടറുമായ കെ. ജയകുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ വിദ്യ മോഹന്‍, കെ.റ്റി.ഡി.സി മാനേജിങ് ഡയറക്ടര്‍ ആര്‍. രാഹുല്‍, കെ.ടി.എം സൊസൈറ്റി പ്രസിഡൻറ് ബേബി മാത്യു, ടൂറിസം വ്യവസായികളായ ഇ.എം. നജീബ്, ഡി. ചന്ദ്രസേനന്‍ നായര്‍, പി.കെ. അനീഷ്‌കുമാര്‍, കിറ്റ്‌സ് പ്രിന്‍സിപ്പൽ ഡോ. ബി. രാജേന്ദ്രന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.