അംഗൻവാടി കെട്ടിടത്തെ ചൊല്ലി തര്‍ക്കം; കുരുന്നുകളുടെ പഠനം മുടങ്ങി

അഞ്ചാലുംമൂട്: അംഗൻവാടി കെട്ടിടത്തിനെ ചൊല്ലിയുള്ള തര്‍ക്കം ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മിലായതോടെ കുരുന്നുകളുടെ പഠനം മുടങ്ങി. തൃക്കരുവ ഗ്രാമപഞ്ചായത്തിലെ അഷ്ടമുടി ഒന്നാം വാര്‍ഡിലെ 66ാം നമ്പര്‍ അംഗൻവാടി കെട്ടിടത്തെ ചൊല്ലിയാണ് പഞ്ചായത്തിലും പുറത്തും ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ തര്‍ക്കങ്ങളും വാക്കേറ്റവും ഉണ്ടായത്. വാര്‍ഡിലെ ഒറ്റപ്പെട്ട ഭാഗത്തെ ഏലായോട് ചേര്‍ന്നാണ് അംഗൻവാടി കെട്ടിടം സ്ഥിതി ചെയ്യുന്നത്. കെട്ടിടം മാറ്റിസ്ഥാപിക്കണമെന്ന രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ആവശ്യത്തെതുടര്‍ന്ന് പഞ്ചായത്ത് അംഗം എസ്. പ്രിയ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിക്ക് നിവേദനം നൽകിയിരുന്നു. ഇതിനെതുടര്‍ന്ന് പുതിയ കെട്ടിടം നിര്‍മിക്കാന്‍ 10 ലക്ഷം അനുവദിക്കുകയും ചെയ്തു. എന്നാല്‍, ഒറ്റപ്പെട്ട സ്ഥലത്തുനിന്ന് മാറ്റി 200 മീറ്റര്‍ മാറിയുള്ള പഞ്ചായത്ത് വക സ്ഥലത്ത് അംഗന്‍വാടി കെട്ടിടം നിര്‍മിക്കണമെന്ന ആവശ്യമാണ് തര്‍ക്കത്തിനിടയാക്കിയത്. നിലവിലെ കെട്ടിടം നില്‍ക്കുന്ന സ്ഥലത്തല്ലാതെ മറ്റെങ്ങും സ്ഥലം അനുവദിക്കിെല്ലന്നാണ് പഞ്ചായത്ത് പ്രസിഡൻറി​െൻറയും സി.പി.എം അംഗങ്ങളുടെയും വാദമെന്നാണ് പ്രതിപക്ഷ അംഗങ്ങള്‍ പറയുന്നത്. കെട്ടിടം നിര്‍മിക്കുന്നതിന് എം.പി ഫണ്ട് അനുവദിച്ചത് ഇല്ലാതാക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്ന് വാര്‍ഡ് അംഗം പ്രിയ ആരോപിച്ചു. എന്നാൽ, മത്സ്യത്തൊഴിലാളികളുടെ പ്രത്യേക ഫണ്ട് ഉപയോഗിച്ച് വാങ്ങിയ സ്ഥലത്ത് അവരുടെ കെട്ടിടത്തിനോട് ചേര്‍ന്നുതന്നെ അംഗൻവാടി വരണമെന്ന് വാശിപിടിക്കുന്നതും കൗണ്‍സില്‍ യോഗങ്ങള്‍ അലങ്കോലപ്പെടുത്തുന്നതും ശരിയെല്ലന്നാണ് പഞ്ചായത്ത് ഭരണകക്ഷി അംഗങ്ങളുടെ അഭിപ്രായം. അതേസമയം അംഗൻവാടിയില്‍ ആഴ്ചകള്‍ക്ക് മുമ്പ് പാമ്പ് കയറിയതോടെ കുട്ടികൾ വരുന്നില്ല. 17 കുട്ടികളാണ് ഉള്ളത്. ഉറങ്ങിക്കിടന്ന കുട്ടിയുടെ പിറകിലായിരുന്നു പാമ്പിനെ കണ്ടതെന്നും നിലവിലെ കെട്ടിടത്തില്‍ കുട്ടികളെ കൊണ്ടുവരാൻ രക്ഷിതാക്കള്‍ മടിക്കുകയാണെന്നും വാര്‍ഡ് അംഗം പറഞ്ഞു. അംഗൻവാടി കെട്ടിടം നിര്‍മിക്കുന്നതില്‍ എതിരല്ല -പഞ്ചായത്ത് പ്രസിഡൻറ് 33 വര്‍ഷമായി നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന അംഗൻവാടി കെട്ടിടം എം.പി ഫണ്ട് ഉപയോഗിച്ച് നിലവിലെ സ്ഥലത്ത് നിര്‍മിക്കുന്നതില്‍ പഞ്ചായത്ത് എതിരെല്ലന്നും പൂര്‍ണ പിന്തുണ ഉണ്ടെന്നും പ്രസിഡൻറ് കെ. ചന്ദ്രശേഖരന്‍ പിള്ള 'മാധ്യമ'ത്തോട് പറഞ്ഞു. നല്ല കാറ്റും പ്രകൃതി ഭംഗിയുമുള്ള സ്ഥലത്താണ് അംഗൻവാടി കെട്ടിടം നിലകൊള്ളുന്നത്. ഒരു കേടുപാടും കെട്ടിടത്തിനില്ല. നിലവിലെ കെട്ടിടം നിലനിര്‍ത്തി അതിനോട് ചേര്‍ന്ന് കുറച്ചുകൂടി സ്ഥലം കണ്ടെത്തിയാല്‍ അത് വാങ്ങുന്നതിന് പഞ്ചായത്ത് എല്ലാവിധ സഹായവും നല്‍കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.