തിരുവനന്തപുരം: നഗരത്തിലെ നിരക്ഷരർക്ക് അക്ഷരവെളിച്ചമേകാൻ നഗരസഭയും സാക്ഷരതമിഷനും കൈകോർക്കുന്നു. 'അക്ഷരശ്രീ' പേരിൽ നടപ്പാക്കുന്ന പദ്ധതിയുടെ പ്രാരംഭഘട്ടമായ സർവേ ഇൗ മാസം 14ന് നടക്കും. രാവിലെ 8.30 മുതലാണ് സർവേ ആരംഭിക്കുക. നഗരത്തിലെ എല്ലാ വീട്ടിലും വളൻറിയർമാർ എത്തും. വിദ്യാർഥികളും സാക്ഷരതാമിഷൻ പ്രവർത്തകരും സന്നദ്ധസംഘടനാ പ്രവർത്തകരുമുൾപ്പെടെ പതിനായിരം വളൻറിയർമാരെയാണ് ഇതിനായി തെരഞ്ഞെടുത്തിട്ടുള്ളത്. 'സമ്പൂർണ സാക്ഷരനഗരം' നേട്ടം കൈവരിക്കുന്നതിനുവേണ്ടിയാണ‌് സാക്ഷരതമിഷനുമായി കൈകോർക്കുന്നതെന്ന് മേയർ വി.കെ. പ്രശാന്ത‌് വാർത്തസമ്മേളനത്തിൽ പറഞ്ഞു. സർവേക്ക് മുന്നോടിയായി 12ന‌് വൈകീട്ട‌് 6.30ന‌് ആശാൻ സ‌്ക്വയറിൽ മന്ത്രി സി. രവീന്ദ്രനാഥ‌് അക്ഷരദീപം തെളിക്കും. 13ന‌് വൈകീട്ട‌് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ മുഴുവൻ വാർഡുകളിലും അക്ഷരത്തിരി തെളിയിക്കും. 100 വാർഡിലായി രണ്ടര ലക്ഷം വീടുകളാണുള്ളത്. ഓരോ വാർഡിലുമുള്ള വീടുകളെ 50 വീതം വരുന്ന ക്ലസ്റ്ററുകളാക്കി തിരിച്ചാണ് സർവേ. വാർഡിലെ പൊതുസ്ഥിതി വളൻറിയർമാരെ ബോധ്യപ്പെടുത്താൻ െറസിഡൻറ്സ് അസോസിയേഷൻ ഭാരവാഹികളുടെ നേതൃത്വത്തിൽ പ്രത്യേക യോഗങ്ങൾ വിളിച്ചുകൂട്ടും. കൗൺസിലർമാരുടെ അധ്യക്ഷതയിൽ വാർഡ് സംഘാടകസമിതികളും രൂപവത്കരിച്ചിട്ടുണ്ട്. സർവേയിലൂടെ കണ്ടെത്തുന്ന നിരക്ഷരർക്കായി വാർഡുകളിൽ ആഗസ‌്റ്റ് 15ന് സാക്ഷരതാക്ലാസുകൾ ആരംഭിക്കും. മൂന്നുമാസത്തെ സാക്ഷരതാക്ലാസിനുശേഷം പരീക്ഷയിൽ വിജയിക്കുന്നവർക്ക് നാലാംതരം തുല്യതാ കോഴ്സിൽ ചേരാം. ആറുമാസമാണ് കോഴ്സിെൻറ കാലാവധി. തുടർന്ന് ഹയർ സെക്കൻഡറി തുല്യതവരെ സൗജന്യമായി പഠിക്കാനുള്ള അവസരം ഒരുക്കും. ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, സാക്ഷരതാമിഷൻ ഡയറക്ടർ ഡോ. പി.എസ‌്. ശ്രീകല, സ‌്ഥിരം സമിതി ചെയർമാൻമാരായ എസ‌്. ഉണ്ണികൃഷ‌്ണൻ, വഞ്ചിയൂർ പി. ബാബു എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.