വീടുകൾ കുത്തിത്തുറന്ന്​ മോഷണം: അഞ്ചംഗസംഘം പിടിയിൽ

തിരുവനന്തപുരം: ആഡംബര കാറിൽ കറങ്ങിനടന്ന് വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തുന്ന അഞ്ചംഗ അന്തർജില്ല സംഘം സിറ്റി ഷാഡോ പൊലീസി​െൻറ പിടിയിൽ. ബീമാപള്ളി സ്വദേശി നാസറുദ്ദീൻ എന്ന അസർ (31), നെടുമങ്ങാട് അഴീക്കോട് സ്വദേശി സുനീർ (33), കഴക്കൂട്ടം സ്വദേശി ചക്കു എന്നറിയപ്പെടുന്ന രഞ്ജിത് (22), ബീമാപള്ളി സ്വദേശി ട്യൂബ് ഖാദറെന്ന അബ്ദുൽ ഖാദർ (27), ബീമാപള്ളി മിൽക്ക് കോളനി സ്വദേശി സിറാജ് (22) എന്നിവരാണ് ഞായറാഴ്ച രാത്രി തുമ്പ പള്ളിക്ക് സമീപത്തുനിന്ന് പിടിയിലായത്. കഴി‍ഞ്ഞ വ്യാഴാഴ്ച തുമ്പയിൽ പാലുകാച്ചൽ നടന്ന വീട് കുത്തിത്തുറന്ന് മൂന്നുലക്ഷത്തി​െൻറ ടെലിവിഷൻ ഉൾപ്പെടെ അഞ്ചു ലക്ഷം രൂപയുടെ ഗൃഹോപകരണങ്ങൾ കവർന്ന കേസിൽ സിറ്റി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. ജയിലിലായിരിക്കെ പരിചയപ്പെട്ട പ്രതികൾ അവിടെെവച്ച് നടത്തിയ ഗൂഢാലോചന പ്രകാരം പുറത്തിറങ്ങി മോഷണം നടത്തുകയായിരുന്നെന്ന് സിറ്റി പൊലീസ് കമീഷണർ പി. പ്രകാശ് പറഞ്ഞു. ഒന്നരമാസത്തിനിടയിൽ വിവിധ ജില്ലകളിലെ ഒമ്പത് വീടുകളിലാണ് സംഘം മോഷണം നടത്തിയത്. വീട്ടിലെ മുഴുവൻ സാധനങ്ങളും കടത്തിക്കൊണ്ട് പോകുന്നതായിരുന്നു രീതി. സ്വന്തം കാറോ വാടക കാറുകളോ ആണ് ഉപയോഗിച്ചിരുന്നത്. മൂന്നു വാഹനങ്ങളും ഇലക്ട്രോണിക്സ് ഉപകരണങ്ങളും ഇവരിൽനിന്ന് കണ്ടെടുത്തു. വീടുകളിൽ ആളില്ലാത്ത സമയം നോക്കിയാണ് മോഷണം നടത്തിയിരുന്നത്. വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ പണയംെവച്ച മോഷണസ്വർണം കണ്ടെത്താൻ നടപടിയെടുക്കുമെന്ന് പൊലീസ് പറഞ്ഞു. മോഷണമുതലുകൾ കൂടുതലും ബീമാപള്ളിയിലാണ് വിറ്റിരുന്നത്. സംഘത്തലവനായ അസറിനെതിരെ പൂന്തുറ, ഫോർട്ട് , വിഴിഞ്ഞം, വലിയതുറ സ്േറ്റഷനുകളിൽ അമ്പതോളം മോഷണക്കേസുകളുണ്ട്. സൂത്രധാരനായ സുനീറാണ് മോഷണമുതലുകൾ വിറ്റിരുന്നത്. കല്ലമ്പലത്ത് ഉടമ നിസ്കരിക്കാൻപോയ സമയത്ത് സ്വർണക്കടയിൽ കയറി മൂന്നു ലക്ഷം രൂപ മോഷ്ടിച്ച കേസിലെ പ്രതിയാണ് ഇയാൾ. അബ്ദുൽ ഖാദറിനെതിരെ ഫോർ‌ട്ട് , തമ്പാനൂർ, പൂന്തുറ, വിഴിഞ്ഞം സ്റ്റേഷനുകളിൽ കേസുകളുണ്ട്. നെടുമങ്ങാട് കല്ലംപാറ പെയിൻറ് കടയിൽനിന്ന് ഒന്നരലക്ഷത്തോളം രൂപ കവർന്നതും ആലുവ യു.സി കോളജിന് സമീപം വീട് കുത്തിത്തുറന്ന് സ്വർണം മോഷ്ടിച്ചതും കൊല്ലം ചാത്തമ്പറയിലെ വീട്ടിൽനിന്ന് ഗൃഹോപകരങ്ങൾ കവർന്നതും ഇൗ സംഘമാണെന്ന് തെളിഞ്ഞു. കൺട്രോൾ റൂം അസി. കമീഷണർ വി. സുരേഷ്കുമാർ, തുമ്പ എസ്.ഐ പ്രതാപ് ചന്ദ്രൻ, ഷാഡോ എസ്.ഐ സുനിൽകുമാർ എന്നിവരടങ്ങിയ സംഘമാണ് മോഷ്ടാക്കളെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.