തിരുവനന്തപുരം: നഗരസഭയുടെ നേതൃത്വത്തിൽ കിള്ളിയാർ സിറ്റി മിഷെൻറ ഭാഗമായി ആഗസ്റ്റ് അഞ്ചിന് പുഴയറിവ് നടത്തം സംഘടിപ്പിക്കും. തിങ്കളാഴ്ച ചേർന്ന സംഘാടകസമിതി യോഗത്തിലാണ് തീരുമാനം. സ്ഥാപനങ്ങൾ, ഫ്ലാറ്റുകൾ, കെട്ടിടസമുച്ചയങ്ങൾ എന്നിവക്ക് ഖര-ദ്രവ മാലിന്യ സംസ്കരണത്തിനുള്ള സംവിധാനങ്ങൾ ഉറപ്പുവരുത്തും. ഇവ ഇല്ലാത്തവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും യോഗത്തിൽ നിർദേശമുണ്ടായി. കിള്ളിയാറിെൻറ സമീപത്തായി 590ലോഡ് മാലിന്യം അടിഞ്ഞുകൂടിയിട്ടുണ്ടെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഈ മാലിന്യം നീക്കംചെയ്യുന്നതിന് യന്ത്രസഹായം ആവശ്യമുള്ള ഇടങ്ങളിൽ അത് പ്രയോജനപ്പെടുത്തും. ശുചീകരണത്തിനിറങ്ങുന്ന തൊഴിലാളികൾക്കും വളൻറിയർമാർക്കും ആവശ്യമായ സുരക്ഷാ ഉപകരണങ്ങളും പ്രതിരോധമരുന്നും നൽകും. കിള്ളിയാർ കരസംരക്ഷണത്തിന് കയർ ഭൂവസ്ത്രം, പുന്ന, മുള എന്നിവ ഉപയോഗിക്കണമെന്ന നിർദേശം സാങ്കേതികസമിതി മുമ്പാകെ െവക്കുന്നതിനും തീരുമാനിച്ചു. മിഷെൻറ പ്രചാരണഭാഗമായി സ്കൂൾ അസംബ്ലികളിൽ മേയർ, ഡെപ്യൂട്ടിമേയർ, സ്ഥിരം സമിതി ചെയർമാൻമാർ എന്നിവർ പങ്കെടുത്ത് വിശദീകരണം നടത്തും. സെപ്റ്റംബർ എട്ടിന് കിള്ളിയാർ ഏകദിന ശുചീകരണ പരിപാടി സംഘടിപ്പിക്കും. മേയർ വി.കെ. പ്രശാന്ത്, ഒ. രാജഗോപാൽ എം.എൽ.എ, ഡെപ്യൂട്ടിമേയർ രാഖി രവികുമാർ, കിള്ളിയാർ സിറ്റിമിഷൻ ജനറൽ കൺവീനർ വഞ്ചിയൂർ പി. ബാബു, മുൻമന്ത്രി എം. വിജയകുമാർ, ആനാവൂർ നാഗപ്പൻ, കൗൺസിലർമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.