സർക്കാർ ഭൂമി കൈവശംവെക്കൽ: കടുത്ത നടപടിയുമായി റവന്യൂ വകുപ്പ്​

തിരുവനന്തപുരം: മതസ്ഥാപനങ്ങളടക്കം അനധികൃതമായി കൈവശംവെച്ചിട്ടുള്ള സർക്കാർ ഭൂമിയിൽ പിടിമുറുക്കി റവന്യൂ വകുപ്പ്. പാട്ടത്തുക അടക്കാതെ കൈവശംവെച്ചിട്ടുള്ള ഭൂമി തിരിച്ചുപിടിക്കുകയോ പാട്ടക്കുടിശ്ശിക ഇൗടാക്കുകയോ വേണമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ കലക്ടർമാർക്ക് നിർദേശം നൽകി. ഈ വർഷം സംസ്ഥാനത്ത് 50,000 പേർക്കുകൂടി പട്ടയം നൽകുന്നതിന് സമയബന്ധിതമായി നടപടി സ്വീകരിക്കണം. രേഖയില്ലാതെ സർക്കാറി​െൻറ ഭൂമി കൈവശം വെക്കാൻ ആരെയും അനുവദിക്കരുത്. സംസ്ഥാനത്തെ ഭൂപ്രശ്നങ്ങളുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പ്രശ്നങ്ങളിൽ പരിഹാരം തേടിയാണ് കലക്ടർമാരുടെ യോഗം ചേർന്നത്. പട്ടയം, വനഭൂമിയിലെ അവകാശങ്ങൾ, മിച്ചഭൂമി കണ്ടെത്തലും വിതരണവും, കൈയേറ്റങ്ങൾ ഒഴിപ്പിക്കലും ഭൂസംരക്ഷണവും വിഷയങ്ങളിൽ കലക്ടർമാർ സമർപ്പിച്ച റിപ്പോർട്ട് വിലയിരുത്തിയതായി മന്ത്രി വാർത്തസമ്മേളനത്തിൽ അറിയിച്ചു. ആരാധനാലയങ്ങളും സാംസ്കാരിക സ്ഥാപനങ്ങളും ശ്മശാനങ്ങൾക്കും മറ്റുമായി കാലങ്ങളായി കൈവശംവെച്ചിരിക്കുന്ന സർക്കാർ ഭൂമിയിൽ അത്യാവശ്യം വേണ്ടിവരുന്നത് മാത്രം മാർക്കറ്റ് വില ഈടാക്കി പതിച്ചുനൽകും. ബാക്കി ഭൂമി സർക്കാർ തിരിച്ചുപിടിക്കും. വിപണി വിലക്ക് വാങ്ങാൻ കഴിയാത്തവർക്ക് വ്യവസ്ഥകൾക്ക് വിധേയമായി പാട്ടത്തിന് നൽകും. ഇതിനായി ചട്ടങ്ങളിൽ ഭേദഗതി വരുത്താൻ നടപടി സ്വീകരിക്കും. ഇത്തരത്തിൽ ആയിരക്കണക്കിന് ഏക്കർ ഭൂമി സംസ്ഥാത്തൊട്ടാകെ കൈവശംവെച്ചിട്ടുണ്ട്. പതിറ്റാണ്ടുകളായി കൈവശം വെച്ചിരിക്കുന്ന ഭൂമിയാകും പതിച്ച് നൽകുക. കൈയേറ്റ ഭൂമിയുടെ കാര്യത്തിൽ നിയമപരമായ നടപടികൾ തുടരും. പാട്ടത്തിന് നൽകിയ ഭൂമി പാട്ടത്തുക അടയ്ക്കാതെയും വ്യവസ്ഥ ലംഘിച്ചും പലസ്ഥാപനങ്ങളും കൈവശം വെച്ചിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. പാട്ടം അടക്കാൻ നോട്ടീസ് നൽകുമ്പോൾ കോടതിയിൽനിന്ന് സ്റ്റേ വാങ്ങുന്ന സംഭവങ്ങളുമുണ്ട്. അത്തരം സ്റ്റേ ഉത്തരവുകൾ വെക്കേറ്റ് ചെയ്യാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തുന്നതിന് അഡ്വക്കറ്റ് ജനറലിനും അഡി. അഡ്വക്കറ്റ് ജനറലിനും കത്ത് നൽകും. പാട്ടവ്യവസ്ഥ രേഖകൾ കാലികവത്കരിക്കും. പാട്ട രജിസ്റ്റർ കൃത്യമായി പിന്തുടരാത്തതാണ് ഭൂമി പ്രശ്നങ്ങളുടെ അടിസ്ഥാന കാരണം. സംസ്ഥാനത്ത് പരിധിയിലധികം ഭൂമി കൈവശം െവച്ചിരിക്കുന്നത് കണ്ടെത്തി അധികഭൂമിക്ക് സീലിങ് കേസുകൾ രജിസ്റ്റർ ചെയ്യും. മിച്ചഭൂമിയായി ഏറ്റെടുക്കുന്നതിൽ വീണ്ടും കൈയേറ്റമുണ്ടാകാതെ വേഗം വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.