രുചിയൂറും വിഭവങ്ങളൊരുക്കി ചക്ക മഹോത്സവം

കിളിമാനൂർ: വിദ്യാലയ മുറ്റത്തും സ്കൂൾ കവാടത്തിനടുത്ത പറമ്പിലെ പ്ലാവിൽ നിന്നുമൊക്കെ നിത്യേന നിരവധി ചക്കകൾ വീണ് പാഴാകുന്നുണ്ടായിരുന്നു. ഇങ്ങനെ വീണ് അഴുകിപ്പോകുന്ന സംസ്ഥാനഫലത്തെ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്ന പ്രഥമാധ്യാപിക ഷീലയുടെ ചിന്തയാണ് പുതുമംഗലം ഗവ. എൽ.പി.എസിൽ ചക്ക മഹോത്സവമെന്ന ആശയം രൂപപ്പെട്ടത്. വിഷയം സഹാധ്യാപകരിലും രക്ഷാകർതൃസമിതിയിലും ചർച്ച ചെയ്തതോടെ എല്ലാവരുടെയും പങ്കാളിത്തവും ഉറപ്പായി. തിങ്കളാഴ്ച ഇടവിട്ട് മഴ പെയ്തിട്ടും എല്ലാവരും ചേർന്ന് ചക്ക മഹോത്സവം ഗംഭീരമാക്കി. വിവിധയിനം ചക്കകളുടെ പ്രദർശനവും ചക്ക കൊണ്ടുള്ള വിഭവങ്ങളായ പായസം, പഴംപൊരി, അച്ചാർ, ചക്ക ദോശ, ചക്കമടൽ ഫ്രൈ, ചക്ക ക്കുരുകൊണ്ടുള്ള പായസം, പുട്ട്, ഉപ്പുമാവ്, ചവണി ചിപ്സ്, ചക്ക ബജി, ലഡു, ഉണ്ണിയപ്പം തുടങ്ങിയവയും ചക്കയിൽനിന്നുള്ള വിവിധ മൂല്യവർധിത ഉൽപന്നങ്ങൾ എന്നിവയുൾപ്പടെ 50ൽപരം ചക്ക വിഭവങ്ങൾ പ്രദർശനത്തിന് അണിനിരന്നു. ചക്കയിൽനിന്ന് ഇത്ര രുചിയേറിയ ഉൽപന്നങ്ങളുടെ നിർമാണ സാധ്യത പ്രദർശനം കാണാനെത്തിയവർക്കും കൗതുകമായി. പ്രദർശന വിഭവങ്ങൾ രുചിക്കാനും കുട്ടികൾക്ക് അവസരം ലഭിച്ചു. ഒപ്പം ചക്ക മഹോത്സവത്തിനെത്തിയവർക്കെല്ലാം വയറുനിറയെ കഴിക്കാൻ ചക്കപ്പുഴുക്കും മുളകരച്ചതും ഒരുക്കിയിരുന്നു. വാർഡംഗം എസ്. ലിസി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് എം. ജയകാന്ത്, വൈസ് പ്രസിഡൻറ് ജയകുമാർ, പൂർവവിദ്യാർഥി പ്രതിനിധി സിദ്ധരാമൻ നായർ എന്നിവർ പങ്കെടുത്തു .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.