* സ്വന്തം ജോലി നിർവഹിക്കുന്നതിൽ മുഖ്യമന്ത്രിക്ക് ഇടർച്ച തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മുഖപത്രത്തിലൂടെ നടത്തിയത് അപക്വമായ രാഷ്ട്രീയമെന്ന് ആർ.എസ്.പി ദേശീയ സെക്രട്ടറി പ്രഫ. ടി.ജെ. ചന്ദ്രചൂഡൻ. ടി.കെ. ദിവാകരൻ ഹാളിൽ യു.ടി.യു.സി സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാണിയെ വിളിച്ചതുപോലെയാണ് സി.പി.എം ആർ.എസ്.പിയെ മാടിവിളിച്ചത്. ചാനൽ ചർച്ചകൾ കൊണ്ട് ജീവിക്കുന്നവരെ പോലെ പാർട്ടി സെക്രട്ടറി സംസാരിക്കുന്നത് ശരിയല്ല. സി.പി.എമ്മും മുന്നണിയും ദുർബലപ്പെടുകയാണ്. ചേട്ടനും അനിയനും മാത്രമുള്ള അവസ്ഥയിലാണ് മുന്നണി. മാധുര്യമുള്ള വാക്കുകളേക്കാൾ വിശ്വാസയോഗ്യമായ പ്രവർത്തികളാണ് വേണ്ടത്. തെറ്റുകൾ തിരുത്താൻ സി.പി.എം തയാറായില്ലെങ്കിൽ ശിഥിലമാകുന്നത് രാജ്യത്തെ ഇടതു ഐക്യമാണ്. പിണറായി വിജയൻ നല്ല മുഖ്യമന്ത്രിയാണ്. എന്നാൽ നല്ലവരല്ലാത്തവരുടെ ഉപദേശമാണ് കേൾക്കുന്നത്. ക്രമസമാധാനം ഭദ്രമല്ലാതിരിക്കുമ്പോൾ മുഖ്യമന്ത്രി നല്ലവനാണെന്ന് പറഞ്ഞിട്ട് കാര്യമില്ല. സ്വന്തംജോലി നിർവഹിക്കുന്നതിൽ അദ്ദേഹം ഇടറുന്നു. സ്ത്രീ പീഡനത്തിൽ വൈദികനും വൈതാളികനും പ്രതികളാകുേമ്പാൾ കേസെടുക്കണോന്ന് അറിയാൻ ഡി.ജി.പി ദേവലോകത്ത് ചർച്ചനടത്തുകയാണ്. ആർ.എസ്.പി ഗത്യന്തരമില്ലാതെയാണ് എൽ.ഡി.എഫ് വിട്ടത്. അതിനുള്ള കാരണങ്ങൾ നിലനിൽക്കുന്നു. ബി.ജെ.പിക്കെതിരെ കോൺഗ്രസ് ദുർബലമാണ്. ബി.ജെ.പിക്കെതിരെ യോജിച്ച് പൊരുതാൻ തയാറായില്ലെങ്കിൽ പിന്നീട് ദുഃഖിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ എം.എ. അസീസ് അധ്യക്ഷത വഹിച്ചു. എൻ.കെ. പ്രേമചന്ദ്രൻ എം.പി, നേതാക്കളായ തോമസ് ജോസഫ്, ബാബു ദിവാകരൻ, കെ.എസ് സനൽകുമാർ, ഫിലിപ് കെ. തോമസ്, വേണുഗോപാൽ തുടങ്ങിയവർ സംസാരിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.