തെരുവുനായ്​ വന്ധ്യംകരണം അവതാളത്തിൽ നഗരത്തിൽ നായ്​ശല്യം രൂക്ഷം

തിരുവനന്തപുരം: ആക്രമണകാരികളായ തെരുവുനായ്ക്കളെ വന്ധ്യംകരിക്കാനുള്ള എ.ബി.സി (അനിമൽ െബർത്ത് കൺട്രോൾ) പദ്ധതി അവതാളത്തിൽ. പദ്ധതിനടത്തിപ്പിനായി ചുമതല ഏൽപിച്ച ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയെങ്കിലും പുതിയ ആളെ നിയമിച്ച് പ്രവർത്തനം പുനരാരംഭിക്കാൻ കോർപറേഷന് കഴിഞ്ഞിട്ടില്ല. ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥ​െൻറ വീഴ്ചയാണ് എ.ബി.സി താളംതെറ്റാൻ കാരണമെന്ന റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിലാണ് സ്ഥലംമാറ്റിയത്. വന്ധ്യംകരണം നടക്കാതായതോടെ തെരുവുനായ് ശല്യം നഗരത്തിൽ വീണ്ടും രൂക്ഷമായിരിക്കുകയാണ്. കടിയേൽക്കുന്നവരുടെ എണ്ണത്തിലും വർധന ഉണ്ടായിട്ടുണ്ട്. ഏറ്റവും ഒടുവിൽ വ്യാഴാഴ്ച തമ്പാനൂരിൽ സെൻട്രൽ റെയിൽവേ സ്റ്റേഷനുമുന്നിൽ വയോധികയെ തെരുവുനായ് ആക്രമിച്ചിരുന്നു. പേട്ട സ്വദേശി ചന്ദ്രികക്കാണ്(65) കടിയേറ്റത്. തമ്പാനൂർ ഉൾപ്പെടെ നഗരത്തിലെ ഒട്ടുമിക്കയിടങ്ങളിലും പകൽനേരങ്ങളിൽ പോലും തെരുവുനായ്ക്കൾ സ്വൈരവിഹാരം നടത്തുകയാണ്. രാത്രിയിൽ വാഹനയാത്രക്കാർക്കുനേരെ കൂട്ടത്തോടെ പാഞ്ഞടുക്കുന്നതും പതിവാണ്. ഇതിനെതുടർന്ന് ഇരുചക്രവാഹനങ്ങൾ അപകടത്തിൽപെടുന്നതും പതിവാണ്. ആക്രമണകാരികളായ തെരുവുനായ്ക്കളെ വന്ധ്യംകരണ ശസ്ത്രക്രിയ നടത്തുന്നതിന് മൂന്നുകോടിയാണ് രണ്ടുസാമ്പത്തികവർഷങ്ങളിലായി കോർപറേഷൻ വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നത്. പദ്ധതി നടക്കാതായതോടെ തുക പ്രധാൻമന്ത്രി ആവാസ് യോജന, ലൈഫ് പാർപ്പിട പദ്ധതി എന്നിവയിലേക്ക് വകമാറ്റിയിരിക്കുകയാണ്. വന്ധ്യംകരിച്ച നായ്ക്കളെ തിരിച്ചറിയുന്നതിന് ലക്ഷങ്ങൾ മുടക്കി മൈക്രോചിപ്പും റീഡേഴ്സും വാങ്ങിയെങ്കിലും ഒരെണ്ണംപോലും ഉപയോഗിച്ചില്ല. ഉദ്യോഗസ്ഥതലത്തിലെ ചേരിപ്പോരും രൂക്ഷമാണ്. പേട്ട മൃഗാശുപത്രിയിലെ ഡോക്ടർക്ക് കാര്യക്ഷമതയില്ലാത്തതാണ് കോടികള്‍ മുടക്കി കോര്‍പറേഷന്‍ നടപ്പാക്കാനൊരുങ്ങിയ എ.ബി.സി പദ്ധതി തന്നെ അവതാളത്തിലാകാൻ കാരണമായത്. ഇതിന് കാരണക്കാരായ ഉദ്യോഗസ്ഥനെയാണ് പദ്ധതിയുടെ നിര്‍വഹണചുമതലയില്‍ നിന്ന് മാറ്റിയത്. തെരുവുനായ്ക്കളുടെ വന്ധ്യംകരണം നടത്തിയശേഷം ഇവയുടെ കാതിൽ ചിപ്പ് ഘടിപ്പിക്കുന്നതുള്‍പ്പെടെ കാര്യങ്ങളാണ് എ.ബി.സി പദ്ധതിയിലുള്‍പ്പെടുത്തിയിരുന്നത്. വീടുകളില്‍ വളര്‍ത്തുന്ന നായ്ക്കളുടെ വിവരശേഖരണം, നായ്ക്കളുടെ വന്ധ്യംകരണത്തിനായി മൊബൈല്‍ യൂനിറ്റുകള്‍ എന്നിവയുമുണ്ട്. എന്നാല്‍, ഇവയൊന്നും തുടങ്ങാന്‍ പോലും ഇതുവരെ കഴിഞ്ഞിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.