വെള്ളറട: പ്രമാദമായ ഏറ്റുമാനൂര്‍ ഷേത്രത്തിലെ വിഗ്രഹകവര്‍ച്ച നടക്കുമ്പോള്‍ പാറശ്ശാല മൂര്യന്‍കര സ്വദേശിയായ രമണി എട്ടാം ക്ലാസ് വിദ്യാർഥിയായിരുന്നു. വെള്ളറടക്ക് സമീപം കിളിയൂര്‍ റോഡരികത്ത് വീട്ടില്‍ താമസിക്കുന്ന രമണിക്ക് ഇപ്പോള്‍ 48 വയസ്സായി. മൂന്നര പതിറ്റാണ്ട് മുമ്പ് 1981 മേയ് 24ന് ആയിരുന്നു വിഗ്രഹകവര്‍ച്ച നടന്നത്. രമണിയുടെ നോട്ടുബുക്കിലെ പേപ്പറാണ് പ്രതി സ്റ്റീഫനെ കുടുക്കാന്‍ പൊലീസിന് തുമ്പായത്. വീട്ടാവശ്യത്തിനുവേണ്ടി മെണ്ണണ്ണ വാങ്ങുന്നതിനായി പാറശ്ശാലയിലെ ആക്രി വ്യാപാരിയായ കുഞ്ഞന്‍ നാടാരുടെ കടയിലായിരുന്നു രമണി നോട്ടുബുക്ക് വിറ്റത്. ആക്രിക്കടയില്‍നിന്ന് സ്റ്റീഫന്‍ വാങ്ങിയ കമ്പിപ്പാര പൊതിഞ്ഞ് കൊടുത്തത് രമണിയുടെ നോട്ടുബുക്കിലെ പേപ്പറിലായിരുന്നു. കവര്‍ച്ച നടത്തിയശേഷം വെറ്റിലകോടില്‍ ഉപേക്ഷിച്ച കമ്പിപ്പാരയും രമണിയുടെ നോട്ടുബുക്കിലെ പേപ്പറുമാണ് സ്റ്റീഫനെ കുടുക്കിയത്. ഈ പേപ്പറിൽ രമണിയുടെയും സ്കൂളിെൻറയും പേരുണ്ടായിരുന്നു. അന്ന് തുമ്പില്ലാതെ വട്ടം ചുറ്റിയ പൊലീസ് ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം നടത്തിയതും പ്രതി സ്റ്റീഫൻ പിടിയിലായതും. പ്രതിയെ പിടികൂടിയ ഉടന്‍ ഏറ്റുമാനൂര്‍ ക്ഷേത്ര അധികൃതർ രമണിയുടെ വീട്ടിലെത്തി ജോലി വാഗ്ദാനം ചെയ്തിരുന്നു. മാറി വന്ന സര്‍ക്കാറും വാഗ്ദാനങ്ങള്‍ വാനോളം നല്‍കിയെങ്കിലും അതും പാലിക്കപ്പെട്ടില്ല. ക്ഷേത്രഭാരവാഹികള്‍ വീട്ടിലെത്തി പ്രായപൂര്‍ത്തിയായ ഉടന്‍ ജോലി നല്‍കുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ, വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടില്ല. ഇപ്പോള്‍ കിളിയൂരില്‍ ചോർന്നൊലിക്കുന്ന 10 സെൻറ് ഭൂമിയിലെ കുടുസ്സ് മുറിയില്‍ വിദ്യാർഥിയായ മകളും മകനുമൊപ്പമാണ് ഇവരുടെ താമസം. ഭര്‍ത്താവ് ശശി ആറ് മാസം മുമ്പ് മരിച്ചു. തൊഴിലുറപ്പിന് പോയി ലഭിക്കുന്ന തുച്ഛമായ വരുമാനമാണ് രമണിക്ക് ഏക ആശ്രയം. കഷ്ടപ്പാട് കണ്ടറിഞ്ഞ് വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ വിട്ടിലെത്തി വീണ്ടും വാഗ്ദാനങ്ങള്‍ നല്‍കുന്നതായി രമണി പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.