കരുനാഗപ്പള്ളി : താലൂക്ക് ആശുപത്രിയിൽ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവർത്തകരും ആർ.എസ്.എസ്, എ.ബി.വി.പി പ്രവർത്തകും തമ്മിൽ ഏറ്റുമുട്ടി. ആശുപത്രി ജീവനക്കാരടക്കം നിരവധി പേർക്ക് പരിക്കേറ്റു. ഭീകരാന്തരീക്ഷം സൃഷ്ടിച്ച് നടത്തിയ ആക്രമണത്തിൽ ആശുപത്രിയിൽ വ്യാപക നാശം. ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റാഫ് നഴ്സിന് ഇടത് കാലിനും കൈക്കും ഗുരുതര പരിക്കേറ്റു. ഇരുഭാഗത്തുമായി പത്തൊമ്പത് പ്രവർത്തകർക്ക് പരിക്കേറ്റു. ആശുപത്രി സെക്യൂരിറ്റി ജീവനക്കാർക്കും രോഗികളുടെ കൂട്ടിരിപ്പുകാർക്കും ഏറ്റുമുട്ടലിനിടെ നിസ്സാര പരിക്കുണ്ട്. പൊലീസ് നടപടിയിൽ വഴിയാത്രക്കാർക്കടക്കം ലാത്തിയടിയേറ്റു. സ്റ്റാഫ് നഴ്സ് കൃഷ്ണപുരം കാപ്പിൽ ചെങ്കിലാത്ത് വീട്ടിൽ സോന (22), ഡി.വൈ.എഫ്.െഎ സംസ്ഥാന കമ്മിറ്റി അംഗം ബ്രിജിത്ത് (39), തറയിൽ ജങ്ഷൻ യൂനിറ്റ് സെക്രട്ടറി അതുൽ (23), ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി ടി.ആർ. ശ്രീനാഥ് (20), എസ്.എഫ്.ഐ ഏരിയ സെക്രട്ടറി അമീൻ ഷാജി (21), ഏരിയ കമ്മിറ്റി അംഗം ഉണ്ണി (23), ഏരിയ കമ്മിറ്റി അംഗം ഫസിൽ (30), ഏരിയ പ്രസിഡൻറുമാരായ വിഷ്ണു (22) സന്ദീപ് ലാൽ (20), പ്രസിഡൻറ് അർഫാൻ (21), മേഖല കമ്മിറ്റി അംഗം അമൽരാജ് (18), ടൗൺ കമ്മിറ്റി വൈ. പ്രസി. ശരത് (20) എന്നിവരെ പരിക്കുകളോടെ കരുനാഗപ്പള്ളി വലിയത്ത് ആശുപത്രിയിലും ആർ.എസ്.എസ് പ്രവർത്തകരായ സുനിൽ, മനു, ബിജു, മനു, അമൽരാജ്, ഹരികൃഷ്ണ, അഭിജിത്ത്, സൂര്യരാജ് എന്നിവരെ ജില്ല ആശുപത്രിയിലും പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി 10.30ഓടെയാണ് താലൂക്കാശുപത്രി വളപ്പിൽ ഇരുവിഭാഗങ്ങൾ ഏറ്റുമുട്ടിയത്. കരുനാഗപ്പള്ളി ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ എസ്.എഫ്.ഐ-എ.ബി.വി.പി പ്രവർത്തകർ തമ്മിൽ വെള്ളിയാഴ്ച രാവിലെ സംഘർഷമുണ്ടായി. പരിക്കേറ്റ രണ്ട് എ.ബി.വി.പി പ്രവർത്തകരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവർക്ക് സംരക്ഷണത്തിനായി എത്തിയ ആർ.എസ്.എസ്, എ.ബി.വി.പി പ്രവർത്തകരും കല്ലേലിഭാഗത്ത് ക്ഷേത്രത്തിന് സമീപം നടന്ന അടിപിടിയിൽ പരിക്കേറ്റ് ആശുപത്രിൽ പ്രവേശിപ്പിച്ചവരെ കാണാനെത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകരുമാണ് വാക്കേറ്റത്തെതുടർന്ന് ഏറ്റുമുട്ടിയത്. ഒരു മണിക്കൂർ നേരം ഏറ്റുമുട്ടൽ നീണ്ടു. ഇതിനിടെ സ്ത്രീകളുടെ വാർഡിലെ കതക്, ജനൽ ഗ്ലാസുകൾ, അത്യാഹിതവിഭാഗത്തിലെ കതകിെൻറ ഗ്ലാസുകൾ എല്ലാം തകർത്തു. സ്ത്രീകളുടെ വാർഡിൽ ഡ്യൂട്ടിക്കിടെയാണ് സോനക്ക് മർദനമേറ്റത്. ഇവർ വാർഡിെൻറ വാതിലിൽ നിൽക്കുമ്പോൾ ആക്രമികൾ ഗ്ലാസ് ഡോർ തല്ലിത്തകർക്കുകയും ഇവരെ ആക്രമിക്കുകയുമായിരുന്നു. ഗ്ലാസ് കാലിൽ കയറി ആഴത്തിലുള്ള മുറിവും കൈക്ക് പൊട്ടലുമുണ്ട്. സംഘർഷമറിഞ്ഞ് ഇരുവിഭാഗത്തിെൻറയും നേതാക്കളും പ്രവർത്തകരും ആശുപത്രിയിൽ എത്തി. വരുന്നവഴിയിൽ ഇരുവിഭാഗവും ഏറ്റുമുട്ടിയത് ദേശീയപാതയിലും ഇടറോഡുകളിലും തെരുവുയുദ്ധമായി മാറി. വഴിയാത്രക്കാർക്കും സംഘർഷത്തിൽ പരിക്കേറ്റു. രാത്രി ദേശീയപാതയിൽ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. മൂന്ന് മണിക്കൂറോളം തെരുവുയുദ്ധം നീണ്ടു. കരുനാഗപ്പള്ളി എ.സി.പി ബി. വിനോദ്, സി.ഐ. മുഹമ്മദ് ഷാഫി, എസ്.ഐ ഉമറുൽ ഫാറൂഖ് എന്നിവരുടെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് എത്തി സംഘർഷം നിയന്ത്രാണാധിതമാക്കി. കൂടുതൽ പൊലീസിനെ പ്രദേശത്ത് വിന്യസിപ്പിച്ചിട്ടുണ്ട്. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.