ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിശേഖരം: ഭൂഗർഭ കാഴ്​ചബംഗ്ലാവ്​ നിർദേശം തള്ളി രാജകുടുംബം

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകളിൽ കണ്ടെത്തിയ കോടികളുടെ നിധിശേഖരം പ്രദർശിപ്പിക്കാൻ ഭൂഗർഭ കാഴ്ചബംഗ്ലാവ് നിർമിക്കാമെന്ന കേന്ദ്രസർക്കാറി​െൻറ നിർദേശം തള്ളി തിരുവിതാംകൂർ രാജകുടുംബം. നീക്കത്തിനെതിരെ പ്രദേശവാസികളും രംഗത്തെത്തി. ദിവസങ്ങൾക്ക് മുമ്പ് ക്ഷേത്രത്തിലെ 'സ്വദേശി ദർശൻ' പദ്ധതിയുടെ നിർമാണപുരോഗതി വിലയിരുത്താനെത്തിയ കേന്ദ്രമന്ത്രി അൽഫോൻസ്‌ കണ്ണന്താനമാണ് 300 കോടിയുടെ പദ്ധതി ബന്ധപ്പെട്ടവരെ അറിയിച്ചത്. എന്നാൽ, നിധിശേഖരം പുറത്തെടുക്കരുതെന്നും അത് പ്രദർശനവസ്തുവല്ലെന്നുമുള്ള നിലപാട് രാജകുടുംബം ആവർത്തിച്ചു. 2012 ഫെബ്രുവരിയിലാണ് നിധിശേഖരത്തി​െൻറ കണക്കെടുക്കാനും ഫോട്ടോയെടുത്ത് രേഖയായി സൂക്ഷിക്കാനും സുപ്രീംകോടതി വിദഗ്ധസമിതിയെ നിയോഗിച്ചത്. ശേഖരത്തി​െൻറ പ്രദർശനത്തിനുള്ള സാധ്യതപഠനത്തിനും കോടതി നിർദേശിച്ചിരുന്നു. പഴക്കമേറിയ ആഭരണങ്ങൾ, ക്ഷേത്രാവശ്യത്തിനുള്ളവ, വിപണിയിൽ വിലകിട്ടുന്നവ എന്നിങ്ങനെ മൂന്നുതലങ്ങളിലാണ് കണക്കെടുപ്പ് നടത്തിയത്. 2015 ഒക്ടോബറിൽ സമിതി റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. ഒപ്പം കാഴ്ചബംഗ്ലാവി​െൻറ സാധ്യതറിപ്പോർട്ടുമുണ്ടായിരുന്നു. ലോകനിലവാരത്തിലുള്ള കാഴ്ചബംഗ്ലാവി​െൻറ നിർമാണത്തിനായിരുന്നു നിർദേശം. പൊതുജനങ്ങൾക്ക് കാണാൻ ഇത് ക്ഷേത്രത്തിന് പുറത്ത് നിർമിക്കണമെന്നായിരുന്നു നിർദേശം. ശേഖരം മുഴുവൻ പുറത്തെടുത്താലുള്ള സുരക്ഷഭീഷണി പരിഗണിച്ച് അമൂല്യമായവയുടെ ത്രിമാനചിത്രങ്ങളും ആഭരണങ്ങളുടെ ചെറിയ മാതൃകകളുമാണ് പ്രദർശിപ്പിക്കാൻ നിർദേശമുണ്ടായത്. തകർന്നവ, പുനരുപയോഗത്തിന്‌ പറ്റാത്തതും കണ്ടാൽ തിരിച്ചറിയാവുന്നതുമായവ, ഒന്നിലധികമുള്ളവ എന്നിവയും പ്രദർശനത്തിന് പരിഗണിക്കാവുന്നതാണെന്ന് റിപ്പോർട്ടിലുണ്ടായിരുന്നു. എന്നാൽ, ഇൗ റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിലും ബി നിലവറ തുറക്കുന്ന കാര്യത്തിൽ സുപ്രീംകോടതി തീരുമാനമെടുത്തിട്ടില്ല. സർക്കാറുമായുള്ള ചർച്ചയിൽ നിലവറയിലെ വസ്തുക്കളുടെ പ്രദർശനം എതിർത്ത രാജകുടുംബം പക്ഷേ, ത്രിമാനചിത്രങ്ങളുടെ പ്രദർശനമാകാമെന്ന് അറിയിച്ചിരുന്നു. വിവിധ സംഘടനകൾ കാഴ്ചബംഗ്ലാവ് നിർമാണത്തെ പിന്തുണച്ചിട്ടുണ്ടെങ്കിലും ക്ഷേത്രത്തി​െൻറ സമീപവാസികൾ കടുത്ത വിയോജിപ്പിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.