ഉണക്കി​പ്പൊടിച്ച ചാണകം ഇനി പരിസ്​ഥിതിസൗഹൃദ പാക്കറ്റിൽ; പദ്ധതിയുമായി നേമം ബ്ലോക്ക്

നേമം: പാൽ ഉൽപാദനത്തിൽ സ്വയം പര്യാപ്തത നേടിയ നേമം ബ്ലോക്ക് പഞ്ചായത്ത് ഉണക്കിപ്പൊടിച്ച ചാണകം വിപണിയിലെത്തിക്കാനൊരുങ്ങുന്നു. 1700 ഓളം ക്ഷീരകർഷകരും 25 ക്ഷീരസംഘങ്ങളുമാണ് ബ്ലോക്കിന് കീഴിലെ ഏഴ് ഗ്രാമപഞ്ചായത്തുകളിലായി പ്രവർത്തിക്കുന്നത്. ക്ഷീരോൽപാദനത്തിനുപുറമെ തൊഴുത്തുകൾ മാലിന്യമുക്തവുമാകണം എന്ന ആശയം മുൻനിർത്തി ചാണകം ഉണക്കിപ്പൊടിച്ച് പരിസ്ഥിതി സൗഹൃദ പാക്കറ്റുകളിലാക്കി വിപണിയിലെത്തിക്കുന്ന പദ്ധതിക്കാണ് തുടക്കമിടുന്നത്. ഇതിനായി താൽപര്യമുള്ളവരിൽനിന്ന് ഗ്രാമസഭാ തലത്തിൽ പട്ടിക ശേഖരിച്ചുകഴിഞ്ഞു. പശുവളർത്തലും പാലുൽപാദനവും ലാഭകരമാണെങ്കിലും ചാണകം നീക്കം ചെയ്യാൻ ഫലപ്രദമായ മാർഗങ്ങൾ ഇല്ലാത്തതാണ് ക്ഷീരകർഷകരെ പ്രശ്‌നത്തിലാക്കുന്നത്. പലരും പശുവളർത്തലിൽനിന്ന് പിന്മാറാനും ഇതു കാരണമാകുന്നുണ്ട്. ഇതിനൊക്കെയുള്ള പരിഹാരമായാണ് ഉണക്കിപ്പൊടിച്ച ചാണകം വിപണിയിലെത്തിക്കുക എന്ന ആശയം ഉരുത്തിരിഞ്ഞതെന്ന് നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എൽ. ശകുന്തളകുമാരി പറഞ്ഞു. പാഴായിപ്പോകുന്ന ചാണകം ഇത്തരം രീതിയിൽ വിപണിയിൽ എത്തിക്കുന്നതിലൂടെ കർഷകർക്കിടയിൽ ജൈവവള ഉപയോഗം പ്രോത്സാഹിപ്പിക്കാനുമാകും. കിലോക്ക് 20 രൂപ നിരക്കിൽ വിവിധ ക്ഷീര സംഘങ്ങൾ, കുടുംബശ്രീ യൂനിറ്റുകൾ, കൃഷി ഭവ​െൻറ സ്വാശ്രയ വിപണന കേന്ദ്രങ്ങൾ എന്നിവ വഴി വിറ്റഴിക്കാനാണ് തീരുമാനമെന്നും പ്രസിഡൻറ് പറഞ്ഞു. ചാണകം നിറയ്ക്കാനുള്ള പരിസ്ഥിതി സൗഹൃദ കിറ്റുകൾ പഞ്ചായത്ത് നൽകും. ഇതിൽ ചാണകം നിറച്ച് ക്ഷീരകർഷകർക്ക് സ്വന്തമായി വിപണി കണ്ടെത്തുന്നതിനും തടസ്സമില്ല. എന്നാൽ, പഞ്ചായത്തി​െൻറ ഗുണനിലവാര പരിശോധനക്കു ശേഷം മാത്രമേ ഇത് വിറ്റഴിക്കാനാവൂ. പദ്ധതിയുടെ വിജയസാധ്യത വിലയിരുത്തി ക്ഷീര കർഷകർക്ക് അനുയോജ്യമായ സമാനമായ മറ്റ് പദ്ധതികൾ ആവിഷ്‌കരിക്കുമെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.