തിരുവനന്തപുരം: ഭക്ഷ്യവിഷബാധ ആസൂത്രിതമാണെന്ന ഇൻറലിജൻസ് റിപ്പോർട്ടിന് പിന്നാലെ ജി.വി.രാജ സ്കൂൾ പ്രിൻസിപ്പലിനെയും ഹെഡ്മാസ്റ്ററെയും പൊതുവിദ്യാഭ്യാസവകുപ്പ് സ്ഥലം മാറ്റി. പ്രിൻസിപ്പൽ സി.എസ്. പ്രദീപിനെ ജി.വി.എച്ച്.എസ്.എസ് കണ്ണൂർ സ്പോർട്സ് ഡിവിഷനിലേക്കും ഹെഡ്മാസ്റ്റർ എസ്. ജയിൻ രാജിനെ ഇടിഞ്ഞാർ ട്രൈബൽ എസ്.എസിലേക്കുമാണ് മാറ്റിയത്. പ്രദീപിന് പകരം കണ്ണൂർ സ്പോർട്സ് ഡിവിഷനിൽനിന്ന് എം.കെ. സുരേന്ദ്രനെ ജി.വി.രാജ സ്കൂളിലേക്ക് മാറ്റിയെങ്കിലും സ്കൂളിലെ അധ്യാപകൻ മുരുകദാസിനാണ് പ്രിൻസിപ്പലിെൻറ താൽക്കാലിക ചുമതല. ഹെഡ്മാസ്റ്റർ പോസ്റ്റിലേക്ക് പകരം ചുമതല നൽകിയിട്ടില്ല. അതിനിടെ, അധ്യാപകരുടെ സ്ഥലംമാറ്റത്തിൽ പ്രതിഷേധിച്ച് കായികതാരങ്ങൾ സ്കൂളിന് മുന്നിൽ സമരം ആരംഭിച്ചു. ചിലർ കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി. സമരം രാത്രി വൈകിയും തുടരുകയാണ്. കുട്ടികളെക്കൊണ്ട് പ്രദീപ് ഭക്ഷണത്തിൽ മായം കലർത്തുന്നതായി സംശയമുണ്ടെന്നും ഇതിന് മറ്റ് അധ്യാപകർ ഒത്താശ ചെയ്യുന്നുവെന്നുമാണ് കായിക വിഭ്യാഭ്യാസവകുപ്പിനും ഇൻലിജൻസ് എ.ഡി.ജി.പിക്കും കൈമാറിയ രഹസ്യാന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. വിഷബാധയുണ്ടായി നിമിഷങ്ങൾക്കകം ഭക്ഷണം നശിപ്പിക്കും. ഭക്ഷ്യസുരക്ഷ വിഭാഗത്തിന് വെള്ളം മാത്രമാണ് പിടിച്ചെടുത്ത് പരിശോധനക്ക് അയക്കാനായത്. ആറു വർഷത്തിനിടെ 2014ൽ ഒഴികെ എല്ലാ വർഷവും ഭക്ഷ്യവിഷബാധയുണ്ടായി. ഒരേ കാലയളവിൽ ഭക്ഷ്യവിഷബാധയുണ്ടാകുന്നത് ദുരൂഹമാണെന്നും സമഗ്രാന്വേഷണം വേണമെന്നും പ്രദീപിനെതിരെ വകുപ്പുതല അന്വേഷണം നടത്തി നടപടി സ്വീകരിച്ചില്ലെങ്കിൽ ഭക്ഷ്യവിഷബാധ ആവർത്തിക്കാനും കായികതാരങ്ങൾക്ക് ജീവൻ നഷ്ടമാകാനും സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.