കൊല്ലം: കിംസിെൻറ കൊട്ടിയത്തെ ആശുപത്രിയോട് ചേർന്ന 100 കിടക്കകളുള്ള മൾട്ടി സൂപ്പർ സ്പെഷാലിറ്റി വിഭാഗം ഒമ്പതിന് പ്രവർത്തനം തുടങ്ങുമെന്ന് എക്സിക്യൂട്ടിവ് ഡയറക്ടർ ഇ.എം. നജീബ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് അഞ്ചിന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ. രാജു മുഖ്യാതിഥിയാവും. 2013 ഏപ്രിലിൽ കൊട്ടിയത്ത് പ്രവർത്തനം തുടങ്ങിയ കൊല്ലം കിംസിെൻറ പുതിയ ബ്ലോക്കിൽ ലോകോത്തര നിലവാരമുള്ള ഓപറേഷൻ തിയറ്റർ, സി.ടി സ്കാൻ, ഫോർ ഡി സ്കാനർ എന്നീ സംവിധാനങ്ങളുള്ള അത്യാധുനിക റേഡിയോളജി വിഭാഗം, ലെവൽ മൂന്ന് എൻ.ഐ.സി.യു, ഗുരുതര പകർച്ചവ്യാധി, പൊള്ളൽ എന്നിവയുടെ പരിചരണത്തിനായി ഐസൊലേഷൻ റൂം, നൂതന ഡയാലിസിസ് യൂനിറ്റ്, എൻഡോസ്കോപി യൂനിറ്റ്, സൂപ്പർ സ്യൂട്ട് മുറികൾ എന്നീ സൗകര്യങ്ങളുണ്ട്. അതാത് വിഭാഗങ്ങളിൽ പ്രാഗല്ഭ്യം തെളിയിച്ച വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിലാണ് സേവനം. ഡോ. എം.ഐ. സഹദുല്ല വിഭാവനം ചെയ്ത കിംസ് ഗ്രൂപ് കേരളത്തിലും മധ്യപൂർവേഷ്യയിലും സാന്നിധ്യമുറപ്പിച്ച് ഏഷ്യയിലെ വിശ്വസ്ത ആരോഗ്യ പരിപാലന സ്ഥാപനമായി വളർന്നെന്ന് ഗ്രൂപ് സി.ഒ.ഒ നീലകണ്ണൻ പറഞ്ഞു. ഇന്ത്യ, മാലിദ്വീപ്, ഒമാൻ, ബഹറൈൻ, യു.എ.ഇ, സൗദി, അമേരിക്ക, ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ സർക്കാർ-അർധ സർക്കാർ സ്ഥാപനങ്ങളിൽ കിംസ് ഗ്രൂപ് എംപാനൽ ചെയ്തിട്ടുണ്ട്. ഹെഡ് ഓഫ് ഓപറേഷൻസ് ഇ.എൻ. താരിഖ്, ഡോ. അനീഷ്ബാവ സലിം, ഗുരു പൂജ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. എക്സ്കവേറ്റർ ഓപറേറ്റേഴ്സ് സ്വതന്ത്ര തൊഴിലാളി യൂനിയൻ നിലവിൽവന്നു കൊല്ലം: മണ്ണുമാന്ത്രി യന്ത്രങ്ങളിലെ തൊഴിലാളികളുടെ അവകാശങ്ങളും ആനുകൂല്യങ്ങളും നേടിയെടുക്കാൻ ഓൾ കേരള എക്സ്കവേറ്റർ ഓപറേറ്റേഴ്സ് സ്വതന്ത്ര യൂനിയൻ രൂപവത്കരിച്ചതായി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. അസംഘടിതരായതിനാൽ തൊഴിലാളികൾക്ക് സർക്കാർ ആനുകൂല്യങ്ങളോ ന്യായമായ ശമ്പളമോ ലഭിച്ചിരുന്നില്ല. 14 മണിക്കൂർവരെ ജോലി ചെയ്യുന്ന ഓപറേറ്റർക്ക് 200 മുതൽ 300 രൂപ വരെയാണ് കൂലി. ഇതരസംസ്ഥാന തൊഴിലാളിക്ക് രണ്ട് ലക്ഷം രൂപയുടെ ഇൻഷുറൻസ് പദ്ധതി സർക്കാർ നടപ്പാക്കിയപ്പോൾ അപകടകരമായ സാഹചര്യത്തിൽപോലും ജോലി ചെയ്യേണ്ടിവരുന്ന എക്സ്കവേറ്റർ ഓപറേറ്റർമാരെക്കുറിച്ച് ആരും ചിന്തിക്കുന്നില്ല. എക്സ്കവേറ്റർ ലൈസൻസ് ഇല്ലാത്ത ഇതര സംസ്ഥാന ഓപറേറ്റർമാരുടെ കടന്നുകയറ്റം തടയാൻ നിയമനടപടി സ്വീകരിക്കുക, ബുദ്ധിമുട്ട് അനുഭവിക്കുന്ന മുൻകാല ഓപറേറ്റർമാരെ സഹായിക്കുക, കാലോചിതമായി അവകാശങ്ങളും ആനുകൂല്യങ്ങളും നേടിയെടുക്കുക എന്നീ ലക്ഷ്യങ്ങളിലാണ് സംഘടന പ്രവർത്തിക്കുകയെന്നും ഭാരവാഹികൾ അറിയിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം.എസ്. പ്രസന്നകുമാർ, പ്രസിഡൻറ് എസ്. വിനോദ്, ട്രഷറർ ആർ. രാജേഷ്, ജോയൻറ് സെക്രട്ടറി റിബു, രക്ഷാധികാരി വിനോദ് സി. നായർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.